25
Nov 2024
Tue
25 Nov 2024 Tue
pantheerankavu woman complains again against husband

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചെന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ രാഹുല്‍ പി ഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും വകുപ്പുകള്‍ ചുമത്തുകയെന്നും പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചെന്നാണ് യുവതി പറയുന്നത്. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചത്. ഇന്നലെ വീണ്ടും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കുകളോടെ ഇന്നലെ രാത്രിയാണ് പന്തീരങ്കാവ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും രാഹുല്‍ മര്‍ദിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും യുവതി പറഞ്ഞു. പരാതി ഇല്ലെന്ന് ആദ്യം എഴുതി നല്‍കിയെങ്കിലും ഇന്ന് യുവതി പരാതി നല്‍കുകയായിരുന്നു.

ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് യുവതി പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളത്തുനിന്നു മാതാപിതാക്കള്‍ എത്തിയാല്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ സൗകര്യം നല്‍കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതി നല്‍കിയ ആദ്യ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ഭര്‍ത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഈ വര്‍ഷം മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. മെയ് 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതിയെ പരിക്കേറ്റ നിലയില്‍ കണ്ടു. തുടര്‍ന്നു നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിനു രാഹുലിനെതിരെ കേസെടുത്തത്.

pantheerankavu woman complains again against husband