ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ പാറുള്‍ ചൗധരി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണനേട്ടത്തോടെയാണ് താരം പുതുചരിത്രം രചിച്ചത്. ആദ്യമായാണ് ഗെയിംസിന്റെ ചരിത്രത്തിൽ 5000 മീറ്റർ ഓട്ടത്തിൽ ഒരു ഇന്ത്യൻ വനിത താരം സ്വർണം നേടുന്നത്.
|
താരത്തിന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. നേരത്തെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസിൽ പാറുള്‍ വെള്ളി നേടിയിരുന്നു. 15 മിനിറ്റും 14 സെക്കന്‍ഡുമെടുത്താണ് (15:14.75 മിനിറ്റ്) താരം സ്വർണം ഉറപ്പിച്ചത്. ഫോട്ടോഫിനിഷില്‍ ജാപ്പനീസ് താരം റിരിക ഹിറോണകയെയാണ് പാറുൾ മറികടന്നത്.
അതേസമയം, പുരുഷ 800 മീറ്റർ ഓട്ടത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ വെള്ളി നേടി. ആദ്യം പിന്നിലായിരുന്ന താരം അവസാന ലാപ്പിൽ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് ഒന്നാമതായി ഫിനിഷ് ചെയ്തത്.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 14 സ്വർണവും 24 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 64 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.
ഇന്നലെ ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ നേടിയിരുന്നു. 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസിയുടെ സുവർണ നേട്ടം. ആദ്യ ശ്രമത്തിൽ 6.13ൽ തുടങ്ങിയ ആൻസി പിന്നീട് ഓരോ തവണ ചാടുമ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാമത്തെ ശ്രമത്തിലാണ് ആൻസി 6.63 എന്ന മികച്ച ദൂരത്തിലെത്തിയത്.





