20
Sep 2023
Sun
20 Sep 2023 Sun

വാരണാസിയില്‍ ശിവന്റെ തീമിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം; ത്രിശൂല മാതൃകയില്‍ ഫ്‌ലഡ്‌ലൈറ്റുകള്‍; മോദി ഇന്നലെ തറക്കല്ലിട്ട സ്റ്റേഡിയം ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: പരമശിവന്റെ തലയിലെ ചന്ദ്രക്കലയോട് സാമ്യമുള്ള മേല്‍ക്കൂര, ത്രിശൂല മാതൃകയിലുള്ള ഫ്‌ലഡ്‌ലൈറ്റുകള്‍, കാശിയിലെ ഘട്ടുകളെ അനുസ്മരിപ്പിക്കുന്ന ഗ്യാലറി, ശിവന്റെ കൈയിലെ വാദ്യോപകരണമായ ഡമരുവിന്റെ രൂപത്തിലുള്ള പവലിയനും വി.ഐ.പി ലോഞ്ചും. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വാരാണസി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തറക്കല്ലിട്ടു. ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്.

കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിലവില്‍ സ്റ്റേഡിയങ്ങളുണ്ട്. ഒരേ സമയം ഏകദേശം 30,000 പേരെ ഉള്‍ക്കൊള്ളാന്‍ വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് കഴിയും. സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 121 കോടിയും നിര്‍മാണത്തിനായി ബി.സി.സി.ഐ 330 കോടിയും ചിലവഴിക്കും. രാജതലബ് ഏരിയയില്‍ റിംങ് റോഡിന് സമീപമാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. 2025 ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് വിവരം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി, ദിലീപ് വെങ്‌സാര്‍ക്കര്‍, ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.