പ്ലസ് വണ്‍: ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ തെക്കന്‍ ജില്ലകളില്‍ സീറ്റ് ബാക്കി; മലപ്പുറത്ത് പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല
|
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനു മുന്നോടിയായുള്ള ട്രയല്‍ അലോട്‌മെന്റില്‍ ഉള്‍പ്പെട്ടത് അപേക്ഷകരില്‍ 52.5 ശതമാനം മാത്രം. പകുതിയോളം പേര്‍ പുറത്താണ്.
മലപ്പുറം ജില്ലയിലെ പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും സീറ്റില്ല. മലപ്പുറത്ത് 82,425 കുട്ടികള്‍ അപേക്ഷിച്ചപ്പോള്‍ 36,385 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 49,664 മെറിറ്റ് സീറ്റുകളാണ് ജില്ലയില്‍ ആകെയുള്ളത്. അപേക്ഷ നല്‍കിയത് 82,425 പേര്‍. ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 36,385 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിച്ചത്.

വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് സീറ്റുകള്‍ കൂട്ടിയാലും ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചില്ലെങ്കില്‍ പണം നല്‍കി ബദല്‍ മാര്‍ഗങ്ങളെയും സ്വകാര്യ സ്‌കൂളുകളെയും തേടേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
എസ്.എസ്.എല്‍.സി എഴുതിയ 79,637 പേര്‍, സി.ബി.എസ്.ഇ 2,031, ഐ.സി.എസ്.ഇ 12, മറ്റ് സിലബസുകള്‍ 754, വിവിധ ജില്ലകളില്‍ നിന്നുള്ള 7,621 വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയാണ് ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആകെ 4,65,815 അപേക്ഷകരുണ്ടായിരുന്നു. ഇവരില്‍ 2,44,618 പേരാണ് അലോട്‌മെന്റില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷങ്ങളിലും ഇതേ രീതിയിലായിരുന്നു പ്രവേശന നില.31 വരെ അലോട്‌മെന്റ് പരിശോധിക്കാനും തിരുത്താനും അവസരമുണ്ട്. ജൂണ്‍ അഞ്ചിനു നടക്കുന്ന ആദ്യ അലോട്‌മെന്റിന്റെ സാധ്യതപ്പട്ടിക മാത്രമാണ് ട്രയല്‍ അലോട്‌മെന്റ്.

കേരളത്തില്‍ മെറിറ്റില്‍ ആകെ 3,07,344 സീറ്റാണുള്ളത്. മാനേജ്‌മെന്റ്, കമ്യൂണിറ്റി മെറിറ്റ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി 1.25 ലക്ഷം സീറ്റു കൂടിയുണ്ട്. ഇതും മെറിറ്റ് സീറ്റും ചേരുമ്പോള്‍ 4.33 ലക്ഷത്തോളം സീറ്റുകള്‍ ലഭിക്കും. ആകെ അപേക്ഷകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 32,000 സീറ്റുകളുടെ കുറവാണുള്ളത്.
അതേസമയം, ലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം തേടി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കി. പ്ലസ് വണ്‍ സീറ്റല്ല ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. സയന്‍സ് വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന കോമ്പിനേഷനുകള്‍ മലബാര്‍ ജില്ലകളില്‍ കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ തൊഴിലധിഷ്ഠിതമായ പുതിയ ബിരുദ കോഴ്‌സുകള്‍ മലബാറിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Plus one Seats remaining in southern districts after trial allotment; In Malappuram, more than half of the students do not have seats


