22
Sep 2022
Wed
22 Sep 2022 Wed

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചപ്പോള്‍ മലബാര്‍ ജില്ലകളില്‍ മതിയായ സീറ്റില്ല. അതേസമയം തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. മലപ്പുറത്തെ പതിനായിരത്തിലേറെ കുട്ടികളാണ് സീറ്റില്ലാതെ പ്രവേശനം കാത്തുകിടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 മലപ്പുറത്ത് 10,985 കുട്ടികള്‍ പുറത്തായപ്പോള്‍ കോട്ടയത്ത് 3,144 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയത്ത് പത്താംക്ലാസില്‍ കഷ്ടിച്ചുവിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും സീറ്റ് ലഭിച്ചിട്ടും ബാക്കി കിടക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പത്തനംതിട്ടയില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചിട്ടും 1,524 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

മലപ്പുറത്ത് മാത്രമല്ല മലബാര്‍ ഭാഗത്തെ കോഴിക്കോട്, പാലക്കാട് ജില്ലകളിലും മതിയായ സീറ്റുകളില്ല. മലപ്പുറത്ത് 18054 കുട്ടികളാണ് ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷിച്ചത്. ആകെ 6917 സീറ്റുകള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സീറ്റുകളില്‍ കൂടി ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷ പരിഗണിച്ച് പ്രവേശനം നടത്തിയിട്ടാണ് 7069 പേര്‍ക്ക് പ്രവേശനം നല്‍കിയത്. അപ്പോഴും 10985 കുട്ടികള്‍ സീറ്റില്ലാതെ പുറത്തായി.

പാലക്കാട് ജില്ലയില്‍ 4273 കട്ടികള്‍ക്കാണ് സീറ്റില്ലാത്തത്. സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് 8537 അപേക്ഷകളാണ് പാലക്കാട്ട് നിന്ന് ലഭിച്ചത്. ഇതില്‍ 4264 പേര്‍ക്ക് പ്രവേശനം ലഭിച്ചു. കോഴിക്കോട് 3633 കുട്ടികളാണ് പുറത്തായത്. കണ്ണൂരിലും ആയിരത്തോളം സീറ്റുകള്‍ കുറവാണ്.

പത്താം ക്ലാസ് വിജയിച്ച എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പാണ് ഇതോടെ പാഴ് വാക്കാകുന്നത്.

plus-one-no-seat-for-10985-student-in-malappuram-3144-seats-are-free-in-kottayam