ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കോൺഗ്രസിന്റെ മുൻ മുതിർന്ന നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് നേതാവുമായ ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370, പൗരത്വ ഭേദഗതി നിയമം (സിഎഎ), ഹിജാബ് വിവാദം എന്നിവയിൽ എല്ലാ തടസങ്ങളും സൃഷ്ടിച്ചിട്ടും നരേന്ദ്രമോദി വളരെ ഉദാരമായി പെരുമാറിയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ ആത്മകഥയുടെ (ആസാദ്) പ്രകാശന വേളയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു മുതിർന്ന രാഷ്ട്രീയ നേതാവ്.
|
”ഞാൻ നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നൽകണം. ഞാൻ അദ്ദേഹത്തോട് ചെയ്തതിലൊക്കെയും, അദ്ദേഹം വളരെ ഉദാരനായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ, ആർട്ടിക്കിൾ 370 ആയാലും, സിഎഎ ആയാലും, ഹിജാബ് ആയാലും ഒരു വിഷയത്തിലും ഞാൻ അദ്ദേഹത്തെ വെറുതെ വിട്ടിട്ടില്ല. ചില ബില്ലുകൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ഞാൻ ഉറപ്പാക്കി.’ ആസാദ് എഎൻഐയോട് പറഞ്ഞു.
പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിന് ഒടുവിൽ കോൺഗ്രസ് വിട്ട് ദിവസങ്ങൾക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ ഒരു ക്രൂരനായ മനുഷ്യനായാണ് കരുതിയിരുന്നതെന്നും, എന്നാൽ അദ്ദേഹം (പ്രധാനമന്ത്രി) തന്റെ കാലത്തെ ഒരു സംഭവം അനുസ്മരിച്ച് വിടവാങ്ങൽ പ്രസംഗത്തിൽ മനുഷ്യത്വം കാണിച്ചുവെന്നും ആസാദ് പറഞ്ഞു.
ആസാദ് കോൺഗ്രസിൽ നിന്ന് പുറത്തായതിന് ശേഷം, പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഉദ്ധരിച്ച് നിരവധി നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചിരുന്നു. ആസാദിനെ ‘യഥാർത്ഥ സുഹൃത്ത്’ എന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിനിടെ വിശേഷിപ്പിച്ചത്.





