കോഴിക്കോട്: നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി ആരോപണം. (POCSO Case against koottickal jayachandran) കേസിലെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു പരാതി നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
|
അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ 8 നാണ് കസബ പൊലീസ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തത്. കുടുംബത്തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നത്. തുടര്‍ന്നു കുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറി. പിന്നീട് കുട്ടിയുടെ സംരക്ഷണാവകാശം ബന്ധുവായ സ്ത്രീക്കു കൈമാറി.
സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കണമെന്ന് സിഡബ്ല്യുസി കസബ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും നല്‍കാത്ത സാഹചര്യത്തിലാണ് ജുവനൈല്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.


