16
Dec 2023
Sun
16 Dec 2023 Sun

കോഴിക്കോട്: മലയാള കവിതയുടെ വേരുകളുള്ളത് സവർണ ഹിന്ദുത്വത്തിലാണെന്നും ആ വേരുകൾ ഇല്ലാത്തവർക്ക് കവിതയിൽ അപരവൽക്കരണം നേരിടേണ്ടിവരുമെന്നത് സത്യമാണെന്നും കവി അൻവറലി. കോഴിക്കോട് കടപ്പുറത്ത് ബുക്ക് പ്ലസ് സംഘടിപ്പിക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ “വേരുകൾ തൊടുന്ന കവിത ” എന്ന സെഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താൻ എഴുതുന്ന കവിതകളിൽ മുസ്ലിം സ്വത്വവുമായി ബന്ധപ്പെട്ട വാക്കുകൾക്ക് സൂചികകൾ എഴുതിത്തളരേണ്ടി വരികയും, ഇടശ്ശേരിയെ പോലെയുള്ള കവികളുടെ കവിതകളിലെ മുഖ്യധാര എന്നു വിളിക്കപ്പെടുന്ന സവർണ ഹിന്ദുത്വ പിൻബലമുള്ള വാക്കുകൾക്ക് അടിക്കുറിപ്പ് ആവശ്യമില്ലാതായി വരുന്നതും അപരവൽക്കരണത്തിന്റെ ഒരു ഉദാഹരണം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വി കെ സുബൈദ മോഡറേറ്റർ ആയ സെഷനിൽ കവി എസ് ജോസഫ്, വീരാൻകുട്ടി, റോഷ്നി സ്വപ്ന എന്നിവരും പങ്കെടുത്തു.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം സാഹിത്യ ചർച്ചകൾ കൊണ്ട് സമ്പന്നമായി. മൂന്ന് വേദികളിലായി ഇരുപത്തിയെട്ട് സെഷനുകളിൽ എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും സംസാരിക്കുകയും സംവദിക്കുകയും ചെയ്തചെയ്തു. മലബാറിനെ കുറിച്ചുള്ള ആലോചനകളിലെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ട വേദിയില്‍ എംടി അന്‍സാരി, പി കെ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. സൈദാലി പിപി മോഡറേററ്റായിരുന്നു.

ചരിത്രകാരൻ ഡോ അഭിലാഷ് മലയിൽ ‘പ്രീ കോളോണിയൽ മലബാർ ഇകണോമി’ എന്ന സെഷനിൽ സംസാരിച്ചു. കേരളീയം സാംസ്കാരിക പരിപാടിയുടെ ഭാഗമായി കേരളസർക്കാർ അവതരിപ്പിച്ച ലിവിങ്ങ് മ്യൂസിയം ഇപ്പോഴും നിലനിന്നുകൊണ്ടിരിക്കുന്ന വൈകൃതമനോഭാവത്തിന്റെ സൃഷ്ടിയാണെന്ന് ഗോത്രഗവേഷകനായ പ്രേംകുമാർ പറഞ്ഞു. ‘ഗോത്രീയത സർഗാത്മകതയുടെസമകാലം’ എന്ന സെഷനിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
ഗോത്രസാഹിത്യവും മുഖ്യധാര സാഹിത്യങ്ങളുടെ തിരസ്കരണ സ്വഭാവങ്ങളും മലയാള സാഹിത്യത്തിലെ പരിണാമങ്ങളും ചർച്ചചെയ്യപ്പെട്ട വേദിയിൽ പ്രമുഖ ഗോത്ര സാഹിത്യക്കരായ പി. ശിവലിംഗൻ, ധന്യ വേങ്ങച്ചേരി, അജിത് ശേഖരൻ എന്നിവർ സംബന്ധിച്ചു.