ലഖ്‌നൗ: പള്ളി ഇല്ലാത്തതിനെത്തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷെഡ്ഡ് ഉണ്ടാക്കി ജുമുഅ നിസ്‌കരിച്ചതിന്റെ പേരില്‍ കേസെടുത്ത് യുപി പോലീസ്. (Police jail Muslims who built a shed on their own land and held Friday prayers ) അനുമതിയില്ലാതെ നമസ്‌കാരം നടത്തിയെന്നാരോപിച്ചാണ് ഗ്രാമമുഖ്യനടക്കം കണ്ടാലറിയുന്നവര്‍ക്കെതിരേ കേസെടുത്തത്. ഇതില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് ജലിലിടച്ചു.
|
ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലുള്ള ജാം സമന്ത് ഗ്രാമത്തിലെ സ്വകാര്യ സ്ഥലത്താണ് വിശ്വാസികള്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ സംഘടിപ്പിച്ചത്. എന്നാല്‍, പൊതു ക്രമസമാധാനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുക്കുകയായിരുന്നു.
ഗ്രാമപ്രധാന്‍ മുഹമ്മദ് ആരിഫ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേയാണ് കേസ്. ഇതില്‍ മൂന്നുപേര്‍ ഒളിവിലാണ്. ബാക്കിയുള്ള നാലുപേരെയാണ് അറസ്റ്റ്‌ചെയ്തത്.
ALSO READ: അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രം; മൂന്നാമതൊരു ജെന്‍ഡര്‍ വേണ്ടെന്ന് ട്രംപിന്റെ പ്രഖ്യാപനം
മുസ്ലിംകള്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ നിസ്‌കരിക്കുന്നതിന്റെ വിഡിയോ സംഘപരിവാര പ്രവര്‍ത്തകര്‍ ഡ്രോണ്‍ കാമറ ഉപയോഗിച്ച് പകര്‍ത്തി പൊലിസിന് കൈമാറുകയായിരുന്നു. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ യുവജന വിഭാഗത്തിന്റെ ബറേലി ജില്ലാ പ്രസിഡന്റ് ഹിമാന്‍ഷു പട്ടേല്‍ ആണ് വിഡിയോ എടുത്തത്.
ഈ വീഡിയോ ആധാരമാക്കിയാണ് പൊലിസ് കേസെടുത്തത്. പ്രാര്‍ത്ഥന നടത്താന്‍ ഇവിടെയുള്ളവര്‍ക്ക് അടുത്തുള്ള ഗ്രാമത്തിലേക്ക് പോകാമല്ലോയെന്ന് ഹിമാന്‍ഷു പട്ടേല്‍ പറഞ്ഞു.
ഗ്രാമമുഖ്യന്റെ സഹോദരന്‍ മുഹമ്മദ് ഷാഹിദ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരെ സമാധാന ലംഘന കുറ്റം ചുമത്തിയിട്ടുണ്ടെന്നും ബഹേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് തോമര്‍ പറഞ്ഞു.
താല്‍ക്കാലിക പള്ളിയായി ഉപയോഗിച്ച സ്ഥലം ഗ്രാമമുഖ്യന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പോലീസ് നടപടിയെത്തുടര്‍ന്ന് അവര്‍ വീട് പൂട്ടി സ്ഥലം വിട്ടിരിക്കുകയാണെന്നും എസ്.എച്ച്.ഒ തോമര്‍ പറഞ്ഞു.


