പത്തനംതിട്ട അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തില്‍ അധ്യാപിക അനുജയും സുഹൃത്തും ബസ് ഡ്രൈവറുമായ ഹാഷിമും മരിച്ച സംഭവത്തില്‍ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പൊലീസ് ഇരുവരുടെയും വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി അടക്കം പരിശോധിക്കും. സംഭവത്തില്‍ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രന്‍(37)നും സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷി(31)മും വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.(police trying to solve adoor accident death foul play)
|
വിനോദയാത്ര കഴിഞ്ഞ സഹ അധ്യാപകര്‍ക്കൊപ്പം ട്രാവലറില്‍ മടങ്ങിവരവെ ഹാഷിം കാറിലെത്തി ഈ വാഹനം തടഞ്ഞ് അനുജയെ കൂട്ടിക്കൊണ്ടുപോവുകയും പിന്നാലെ ഇരുവരും മരിക്കുകയുമായിരുന്നു. ഓടുന്ന കാറില്‍ വച്ച് പിടിവലി നടക്കുകയും അനുജ ഇരുന്ന ഭാഗത്തെ ഡോര്‍ നിരവധി തവണ തുറക്കുകയും ചെയ്തിരുന്നതായി ദൃക്‌സാക്ഷി മൊഴി ഉണ്ടായതാണ് കാര്‍ മനപ്പൂര്‍വം ലോറിയിലേക്ക് ഇടിച്ചുകയറ്റുകയാണെന്ന് വ്യക്തമായത്. ഇതിനുള്ള കാരണമാണ് പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരുന്നത്.
അനുജയും ഹാഷിമും ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് അന്വേഷണത്തില്‍ പൊലീസിനു ലഭിച്ച വിവരം. ഹാഷിം ഓടിച്ചിരുന്ന സ്വകാര്യ ബസ്സില്‍ അനുജ യാത്ര ചെയ്യുന്നതിലൂടെയാണ് പരിചയം വളര്‍ന്നത്. ഹാഷിമിന്റെ വീട്ടുകാര്‍ക്ക് അനുജയെ അറിയില്ലെങ്കിലും ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ ഇവര്‍ പരിചിതയാണ്. ഇതോടെയാണ് ഹാഷിമും അനുജയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അപകടത്തില്‍ ഹാഷിമിന്റെ മൊബൈല്‍ ഫോണ്‍ തകര്‍ന്നിരുന്നു. അനുജയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സാമുഹിക മാധ്യമ അക്കൗണ്ടുകളിലെ ചാറ്റുകളും വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററിയുമൊക്കെ പരിശോധിക്കുന്നതിലൂടെ ദുരൂഹത അഴിക്കാകുമെന്നാണ് പൊലീസ് പ്രതീക്ഷ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





