|
തിരുവനന്തപുരം: റെയ്ഡ് നടത്തി ദേശീയ നേതാക്കളെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ പ്രഖ്യാപിച്ച ഹർത്താലിനെ നേരിടാനുറച്ച് പോലീസ്. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡിഐജിമാർ, സോണൽ ഐജിമാർ, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവർക്കാണ്.
ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സാധാരണ പോലെ സർവീസ് നടത്താൻ എല്ലാ യൂണിറ്റ് അധികാരികൾക്കും സിഎംഡി നിർദേശം നൽകി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും മുൻകൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിനു രേഖാമൂലം അപേക്ഷ നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
Popular Front Hartal: KSRTC to run services



