പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സമര്‍പ്പിച്ച ഹരജിയില്‍, ജയില്‍ അധികാരികളോട് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുമതി ആവശ്യപ്പെട്ടാണ് അദ്ദേഹം ഹരജി സമര്‍പ്പിച്ചത്.
|
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നാരോപിച്ച് 2022 സെപ്റ്റംബര്‍ 22-ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ് ചെയ്ത അബൂബക്കര്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനു പുറമേ ജസ്റ്റിസ് രവീന്ദര്‍ ദുഡേജ എന്‍.ഐ.എയ്ക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടുകയും ചെയ്തു. കേസ് നവംബര്‍ 26-ന് വീണ്ടും പരിഗണിക്കും.
ഹര്‍ജി പരിഗണിക്കുന്ന സമയത്ത്, കസ്റ്റഡിയില്‍ ലഭിക്കുന്ന ചികിത്സ അപര്യാപ്തമാണെന്നും ജയില്‍ ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറിയെന്നും അബൂബക്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാന്‍ പ്രതിക്ക് മൗലികാവകാശമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുകയാണ് അബൂബക്കര്‍.
ALSO READ: കണ്ണൂരില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; ശരീര ഭാഗങ്ങള്‍ ചിന്നച്ചിതറി
ഹരജിയെ എതിര്‍ത്ത് എന്‍.ഐ.എ.ക്കുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി, രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സ്ഥാപനങ്ങളിലൊന്നായ എയിംസില്‍ അപേക്ഷകന് ചികിത്സ ലഭിക്കുന്നുണ്ടെന്നും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ആവശ്യം എന്താണെന്നും ചോദിച്ചു. ചികിത്സആവശ്യമുണ്ടോ എന്ന കാര്യം എയിംസില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ജനുവരിയില്‍, ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അബൂബക്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് അറിയിച്ചിരുന്നു.
”സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച എയിംസിലെ 10 ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ ആരോഗ്യനില വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ കാരണം യഥാര്‍ത്ഥ ആരോഗ്യസ്ഥിതി പ്രതിഫലിക്കുന്ന ഒരു റിപ്പോര്‍ട്ടല്ല അവര്‍ സമര്‍പ്പിച്ചത്,” എന്ന് അബൂബക്കറിന്റെ ഭാര്യ ആരോപിച്ചിരുന്നു.
2022 സെപ്റ്റംബര്‍ 28-ന് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ യുഎപിഎ പ്രകാരം നിരോധിക്കുന്നതിന് മുന്നോടിയായാണ് അബൂബക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ ചെയ്തത്.


