23
Aug 2022
Sat
23 Aug 2022 Sat

എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി പി ഷൈജലിനെ വീണ്ടും മുസ് ലിം ലീഗിൽ നിന്ന് പുറത്താക്കി. ഹരിത വിവാദത്തിൽ ഡിസംബറിൽ പി പി ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും നടപടി കോടതി തടഞ്ഞിരുന്നു. കോടതി ഉത്തരവ് ലംഘിച്ചാണ് നടപടിയെന്ന് ഷൈജൽ പ്രതികരിച്ചു. ഹരിത വിഷയത്തിൽ മുസ് ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിനാണ് ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് ദേശീയ നേതൃത്വത്തിന് ഷൈജൽ അടക്കമുള്ള എട്ട് എംഎസ്എഫ് നേതാക്കൾ കത്ത് നൽകിയിരുന്നു. ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനും പിന്നീട് ഈ വിഷയത്തില്‍ നവാസിനെ പിന്തുണച്ച ലീഗ് നേതാക്കള്‍ക്കുമെതിരെ വാർത്താസമ്മേളനം വിളിച്ചു പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ഷൈജലിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്.

 

ലീഗിലെ പ്രതിസന്ധിക്ക് ഉത്തരവാദികള്‍ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും പിഎംഎ സലാമുമാണെന്ന് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. അച്ചടക്ക ലംഘനത്തിന് പി പി ഷൈജലിന് ലീഗ് സംസ്ഥാന നേതൃത്വം നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.

 

വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജൽ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി നല്‍കിയത്. നോട്ടീസ് നൽകിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ തിയ്യതി കാണിച്ച് വീണ്ടും പുറത്താക്കിയതായി ഉത്തറവിറക്കിയിരിക്കുന്നത്.