കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ചികിത്സാപ്പിഴവ് കാരണമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഇതിനു പിന്നാലെ ഗുരുതരാവസ്ഥയിലായ അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.
|
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇതിനുള്ള മരുന്ന് നല്‍കി. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന്‍ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ ഓപറേഷന്‍ തിയേറ്ററിലേക്കു കൊണ്ടുപോയി. പിന്നീട് ഗര്‍ഭപാത്രം തകര്‍ന്ന് കുട്ടി മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കംചെയ്തു.
ഇതിനു ശേഷം അശ്വതിയുടെ ആരോഗ്യം കൂടുതല്‍ വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അശ്വതിയും ഗര്‍ഭസ്ഥശിശുവും മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





