Principal accused of molesting students വിദ്യാര്‍ഥിനികളെ ലൈംഗിക ആസക്തിയോട് കൂടി സ്ഥിരമായി സ്പര്‍ശിച്ച പ്രധാനാധ്യാപകനെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് കൈകാര്യം ചെയ്തു. ബിഹാറിലെ അരാരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ ഷംസുള്‍ ഹോഡയെ ആണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. 15 വിദ്യാര്‍ഥികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഹോഡയെ സസ്‌പെന്‍ഡ് ചെയ്തു.
|
തുടര്‍ച്ചയായി എട്ടു മാസത്തോളം ലൈംഗിക അതിക്രമത്തിനിരയായ ആറാം ക്ലാസുകാരി തുറന്നുപറഞ്ഞതോടെയാണ് വിവരം പുറത്തായത്. ഇതോടെ ആറ്, ഏഴ് ക്ലാസുകളിലെ 15ഓളം വിദ്യാര്‍ഥിനികള്‍ പരാതിയുമായി എത്തുകയായിരുന്നു.
ഈ വര്‍ഷമാണ് ഇയാള്‍ സ്‌കൂളിലേക്ക് പ്രധാനധ്യാപകനായി നിയമിക്കപ്പെടുന്നത്. ആദ്യം സൗമ്യമായി പെരുമാറിയിരുന്ന അധ്യാപകന്റെ തനിനിറം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെളിപ്പെട്ടുവെന്ന് വിദ്യാര്‍ഥിനികളുടെ മൊഴി വെളിപ്പെടുത്തുന്നു.
ഓഫീസിലേക്ക് വിളിപ്പിക്കും, ചോക്ലേറ്റും ബിസ്‌കറ്റും പേനയും മറ്റ് വസ്തുക്കളും സമ്മാനിക്കും. തോളില്‍ പിടിക്കും. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളെ തൊടാന്‍ ശ്രമിക്കും, വസ്ത്രത്തിനുള്ളില്‍ കയ്യിട്ട് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കും. ജീന്‍സും ടോപ്പും ധരിക്കൂ, അതാണ് കാണാന്‍ ഭംഗി എന്ന് പറയും,’ അതിക്രമത്തിന് ഇരയായ കുട്ടികള്‍ പറയുന്നു.
അധ്യാപകന്റെ ചെയ്തികളെ പറ്റി വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ചര്‍ച്ച ഉയര്‍ന്നതോടെയാണ് വിഷയം രക്ഷിതാക്കളിലെത്തിയത്. തിങ്കളാഴ്ച സ്‌കൂളിലേക്ക് ഇരച്ചെത്തിയ രക്ഷിതാക്കള്‍ ഹോഡയെ ബന്ദിയാക്കി.
വിവരമറിഞ്ഞ പൊലീസ് ഉടനെ സ്ഥലത്തെത്തി ഇയാളെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വിട്ടില്ല. പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കുന്നതിലുമപ്പുറമായിരുന്നു ജനക്കൂട്ടം. രണ്ട് മണിക്കൂറോളം സ്‌കൂള്‍ പ്രക്ഷുബ്ധമായി. പാടുപെട്ടാണ് പൊലീസ് ഹോഡയെ രക്ഷിതാക്കളില്‍ നിന്നും മോചിപ്പിച്ചത്. പിന്നാലെ ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത അധ്യാപകനെ പിന്നീട് വിട്ടയച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ആരോപണങ്ങള്‍ അധ്യാപകന്‍ നിഷേധിച്ചു. കുട്ടികളെ താന്‍ പ്രോല്‍ഹിക്കുക എന്ന ലക്ഷ്യത്തിലാണ് സനേഹത്തോടെ സ്പര്‍ശിച്ചത്. മികച്ച വിദ്യാര്‍ഥികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുന്നത്, മറ്റെല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും ഹോഡ പറഞ്ഞു.


