|
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തി വോട്ടര്‍ വോട്ട് രേഖപ്പെടുത്തും വരെ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ഒന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടര്‍ പട്ടിക കൈവശം വെക്കുന്നത്. പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷം വോട്ടിങ് നടപടിക്രമങ്ങള്‍ ആരംഭിക്കും.
രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലില്‍ മഷി തേക്കുന്നത്. നഖത്തിനു മുകളില്‍ നിന്നും താഴേക്കാണ് മഷിപുരട്ടുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥന് തന്നെയാണ് 17എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം. മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ചുമതല. രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. മഷി കയ്യില്‍ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കും. മൂന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മേശയില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണില്‍ അമര്‍ത്തിയ ശേഷം വോട്ടര്‍ക്ക് വോട്ടിങ് യന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിലെത്തി വോട്ടു രേഖപ്പെടുത്താം.





