കൊച്ചി: സംവിധായകനും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമായ ബൈജു പറവൂർ (42) അന്തരിച്ചു. സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ ‘സീക്രട്ട്’ റിലീസിനൊരുങ്ങുന്നതിനിടെയാണ് മരണം.
|
ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറിൽ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറയാത്തതിനെ തുടർന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു.
പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് എന്ന നിലയിൽ സിനിമയിലെത്തിയ ബൈജു 20 വർഷമായി രംഗത്തു പ്രവർത്തിക്കുന്നുണ്ട്. 45 സിനിമകളുടെ ഭാഗമായി. ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തൻ അടക്കം 45 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
നന്തികുളങ്ങര കൊയ്പ്പാമഠത്തിൽ ശശി- സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്.


