23
Aug 2022
Sat
23 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: ക്ഷേത്രങ്ങളിലെ വരുമാനമെടുത്ത് സര്‍ക്കാര്‍ ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചരണം ബോധപൂര്‍വവും വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1720 കോടി രൂപയാണ് ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സംസ്ഥാന ഖജനാവില്‍ നിന്നും ചെലവഴിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ത്രിസപ്തതി ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ദേവസ്വം ബോര്‍ഡുകളോടുള്ള കരുതല്‍ അത്രത്തോളം വലുതാണ്. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോഴും കോവിഡ് കാലത്ത് വരുമാനം കുറഞ്ഞപ്പോഴും ദേവസ്വങ്ങള്‍ക്ക് താങ്ങായി 273 കോടി രൂപ സര്‍ക്കാര്‍ നല്‍കി. അമ്പലങ്ങളുടെ നടത്തിപ്പില്‍ നിന്നും സര്‍ക്കാര്‍ മാറി നില്‍ക്കണമെന്ന് ചിലര്‍ പറയുന്നു. ക്ഷേത്ര നടത്തിപ്പ് വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും പ്രചരിപ്പിക്കുന്നു.

 

വിഷമഘട്ടങ്ങളില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകളും ജീവനക്കാരുടെ ശമ്പളവും എങ്ങനെയാണ് നിര്‍വഹിക്കുകയെന്ന് ഇവര്‍ ഓര്‍ക്കണം. അമ്പലങ്ങള്‍ ക്ഷയിച്ചുപോയ കാലത്ത് ശാന്തിക്കാര്‍ക്കും കഴകക്കാര്‍ക്കും വിശപ്പകറ്റാന്‍ മാര്‍ഗമില്ലാതെയായി. അവരുടെ ക്ഷേമവും അമ്പലങ്ങളുടെ നിലനില്‍പ്പും മുന്‍നിര്‍ത്തി അമ്പലങ്ങളുടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതു ആവശ്യം ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ക്ഷേത്രങ്ങളെ ആരാധാനാലയങ്ങള്‍ മാത്രമായി കാണുന്ന നയമല്ല സര്‍ക്കാരിനുള്ളത്. മറിച്ച് അവയെ സാംസ്‌കാരിക കൈമാറ്റത്തിനുള്ള ഇടങ്ങളായി കൂടിയാണ് കാണുന്നത്. നിരവധിയാളുകളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ഇടങ്ങള്‍ കൂടിയാണ്. അതിനാല്‍ അവിടത്തെ ജീവനക്കാരെ സംരക്ഷിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.

 

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളെയും ചേര്‍ത്തുപിടിച്ചിട്ടുള്ളതാണ്. 406 ക്ഷേത്രങ്ങളും രണ്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരി സ്ഥാപനങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്ഘടനയായി മാറ്റിത്തീര്‍ക്കാന്‍ വലിയ ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.