20
Apr 2026
Mon
20 Apr 2026 Mon
Ambedkar statue vandalized

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമ സാമൂഹികവിരുദ്ധര്‍ തകര്‍ത്തതിനെത്തുടര്‍ന്ന് മേഖലയില്‍ കനത്ത സംഘര്‍ഷാവസ്ഥ. ലോണിയില്‍ ശനിയാഴ്ച രാത്രിയാണ് (ഏപ്രില്‍ 18) സംഭവം നടന്നത്. ഞായറാഴ്ച രാവിലെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതോടെ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഇരമ്പി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഡല്‍ഹി-സഹരന്‍പൂര്‍ ഹൈവേ ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

”പ്രതിമ തകര്‍ത്ത വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്തു. കുറ്റവാളികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്,” ഗാസിയാബാദ് റൂറല്‍ ഡിസിപി സുരേന്ദ്രനാഥ് തിവാരി പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണെന്നും സംശയമുള്ള ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാറ്റ് (SWAT) സംഘവും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. ദളിത് സമൂഹത്തെ തളര്‍ത്തുന്നതിനായി ഇത്തരം സാമൂഹികവിരുദ്ധര്‍ക്ക് ഭരണകക്ഷിയായ ബിജെപി മൗനസമ്മതം നല്‍കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ”ഇത് ദളിത് സമൂഹത്തെ അപമാനിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്. ഉത്തര്‍പ്രദേശിലുടനീളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. അംബേദ്കര്‍ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം ദളിത് ആത്മാഭിമാന പ്രസ്ഥാനത്തിന് നേരെയുള്ള ആക്രമണമാണ്,” കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാനവാസ് ആലം പറഞ്ഞു.

സാമൂഹിക നീതിയുടെ പ്രതീകത്തെ അപമാനിക്കുന്നത് ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്നതിന് തുല്യമാണെന്ന് സമാജ്വാദി പാര്‍ട്ടി പ്രതികരിച്ചു. ഡോ. അംബേദ്കര്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം നേതാവല്ലെന്നും ഇന്ത്യയുടെ ഭരണഘടനാ ശില്പിയും സമത്വത്തിന്റെ പ്രതീകവുമാണെന്നും എസ്പി വക്താവ് നാസര്‍ സലീം പറഞ്ഞു. പ്രതിമ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പുതിയ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കാന്‍  ഉത്തരവിട്ടു

”പുതിയ പ്രതിമ നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും,” ഗാസിയാബാദ് റൂറല്‍ ഡിസിപി സുരേന്ദ്രനാഥ് തിവാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച രാവിലെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും (ബിഎസ്പി) മറ്റ് സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഡല്‍ഹി-സഹരന്‍പൂര്‍ ഹൈവേയില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതുവഴിയുള്ള വാഹനഗതാഗതവും പ്രതിഷേധക്കാര്‍ തടഞ്ഞു. വിവരമറിഞ്ഞയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Tensions gripped in the Indrapuri area of Ghaziabad on Sunday after unidentified men vandalised a statue of B R Ambedkar. The sit-in protests by protesters led to the traffic disruption on the Delhi-Saharanpur Highway