29
Jul 2023
Tue
29 Jul 2023 Tue

കോട്ടയം: രാഷ്ട്രീയക്കാരോടും താരങ്ങളോടുമൊക്കെയുള്ള കടുത്ത ആരാധനയുടെ പല രീതികള്‍ നാം കേട്ടിട്ടുണ്ട്.
അത്തരമൊരു സ്നേഹത്തിന്‍റെ വ്യത്യസ്തമായ പ്രകടനത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഉമ്മൻ ചാണ്ടി പങ്കെടുത്ത പരിപാടികളുടെ ബാഡ്ജ് ശേഖരിച്ചാണ് ഒരു പുതുപ്പള്ളിക്കാരന്‍ അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. പുതുപള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജുവാണ് ഈ വ്യത്യസ്ത രീതി സ്വീകരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘സാറിനൊപ്പം ചെറുപ്പം മുതൽ കൂടെ നടക്കുന്ന വ്യക്തിയാണ് ഞാൻ. പണ്ട് ഒരു ദിവസം സാറിനൊപ്പം യാത്ര ചെയ്തപ്പോൾ ഒരു ബാഡ്ജ് കണ്ടു ഞാൻ അത് എടുത്തു. സാർ ചോദിച്ചു എന്തിനാ എന്ന്. ഞാൻ പറഞ്ഞു ശേഖരിക്കുകയാണെന്ന്. തുടർന്ന് എല്ലാ പരിപാടികളുടെയും ബാഡ്ജ് അദ്ദേഹം എനിക്ക് തരും’- ബിജു പറഞ്ഞു.

21 വര്‍ഷമായി ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട് ബിജു. ഓരോ ബാഡ്ജുകളും ബിജുവിന് നല്‍കിയേക്കാന്‍ കൂടെയുള്ളവരോട് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയുടെ ബാഡ്ജ് ആണ് ഏറ്റവും ഒടുവില്‍ കിട്ടിയത്.

വിവിധ ചടങ്ങുകളിലായി ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച 2500ഓളം ബാഡ്ജുകളാണ് ബിജുവിന്റെ പക്കലുള്ളത്. 2002 മുതലാണ് ബിജു ഉമ്മന്‍ ചാണ്ടിയുടെ ബാഡ്ജുകള്‍ ശേഖരിച്ച് തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ജനപ്രതിനിധി ആയിരുന്നപ്പോഴുമെല്ലാം ഉമ്മന്‍ ചാണ്ടി നെഞ്ചോട് ചേര്‍ത്ത ബാഡ്ജുകളാണ് ബിജു നിധി പോലെ സൂക്ഷിക്കുന്നത്.