02
Sep 2024
Sat
02 Sep 2024 Sat
PV Anvar MLA press meet after Pinarayi Vijayan denies his accusations

താനുന്നയിച്ച ആരോപണങ്ങള്‍ കേരളത്തിലെ ഏതാനും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാത്രമാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. താനുയര്‍ത്തി ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിനു പിന്നാലെ നിലമ്പൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരേയാണ് തന്റെയും പോരാട്ടം. താനുന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണകള്‍ മാറുമ്പോള്‍ മുഖ്യമന്ത്രിയുടെ സമീപനത്തിലും മാറ്റം വരുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. സേനയിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തന്റെ വെളിപ്പെടുത്തലുകളിലൂടെ തകര്‍ന്നിരിക്കുന്നതെന്നും പോലീസ് സേനയുടെ മനോവീര്യം വര്‍ധിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് ഒരുവിഭാഗം മുഖ്യമന്ത്രിയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സുജിത് ദാസിന്റെ ഫോണ്‍കോള്‍ റെക്കോഡ് ചെയ്ത് പുറത്തുവിട്ടത് മോശമാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം താന്‍ സ്വീകരിച്ചിട്ടുണ്ടെന്നും താന്‍ തന്നെ ഇക്കാര്യം അന്നേ പറഞ്ഞതാണെന്നും തനിക്ക് മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ആ ഫോണ്‍കോള്‍ പുറത്തുവിട്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു. സുജിത് ദാസ് തന്റെ കാല്‍ പിടിച്ച് കരഞ്ഞ് ഫോണില്‍ സംസാരിക്കുന്നത് ഒരു ദിവസത്തെ ഫോണ്‍കോളല്ല കുറേ ദിവസത്തേതുണ്ടെന്നും അതെല്ലാം താന്‍ പുറത്തുവിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയുള്ളൂവെന്നും അന്‍വര്‍ പറഞ്ഞു.

ആ ഫോണ്‍കോള്‍ പുറത്തുവിട്ടിട്ടു പോലും ഇതാണ് അവസ്ഥ. കാര്യങ്ങള്‍ എല്ലാം നേരെ തിരിക്കുകയാണിപ്പോള്‍. അപ്പോള്‍ ആ ഫോണ്‍ കോള്‍ പുറത്തുവിട്ടില്ലായിരുന്നുവെങ്കിലോ എന്നും അന്‍വര്‍ ചോദിച്ചു. പോലീസ് ഭാഷ്യം മുഖ്യമന്ത്രി അപ്പാടെ വിശ്വസിക്കുകയാണ്. സ്വര്‍ണക്കടത്ത് പിടിക്കുന്ന പോലീസ് ഇതില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റുന്നുവെന്ന തന്റെ ആരോപണത്തെ മുഖ്യമന്ത്രി തള്ളിയതും പോലീസ് വിശദീകരണം മാത്രം കണക്കിലെടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്ത് അവര്‍ എത്ര സ്വര്‍ണം കൊണ്ടുവന്നുവെന്ന് ചോദിച്ചുമനസ്സിലാക്കണം. ഇന്‍ഫര്‍മേഷന്‍ ലഭിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് സ്വര്‍ണം പിടിക്കുന്നത്. പിടിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ 20 ശതമാനം ഇന്‍ഫര്‍മേഷന്‍ കൈമാറിയ ആള്‍ക്കാണ് ലഭിക്കുക. ഈ വിവരം കസ്റ്റംസിനെ അറിയിക്കാതെ സ്വര്‍ണം അടിച്ചുമാറ്റുന്നതിനുള്ള പണിയാണ് പോലീസ് എടുക്കുന്നത്.

കാരിയര്‍മാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ് തങ്ങള്‍ പറയുന്നതുപോലെ പറയണമെന്ന് ആവശ്യപ്പെടുകയും അനുസരിച്ചില്ലെങ്കില്‍ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇക്കാര്യം കൊണ്ടോട്ടി അങ്ങാടിയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അറിയാം. ഇതൊന്നും അന്വേഷിക്കപ്പെടുന്നില്ല.
കളവുമുതല്‍ ആണെന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്വര്‍ണം കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഈ സ്വര്‍ണം കളവുമുതല്‍ അല്ല എന്നതാണ് വസ്തുത. പിടിച്ചെടുക്കുന്ന സ്വര്‍ണത്തെയും ആളെയും കസ്റ്റംസിനു വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇതൊന്നും ചെയ്യാതെ സ്വര്‍ണം കൊണ്ടുവന്നയാളെ ക്രൂരമായി മര്‍ദ്ദിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഈ കള്ളക്കടത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ലാഭം ഉണ്ടാക്കിയോ എന്നു പോലും തനിക്കു സംശയമുണ്ട്.

പി ശശിയെ തനിക്കു വിശ്വാസമില്ല. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്
പുറത്താക്കിയത് എന്തു കാരണത്താലാണെന്ന് എല്ലാവര്‍ക്കും അറിയാം. പി ശശിയോടുള്ള തന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവുമില്ല. പോലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയ സാജന്‍ സ്‌കറിയയുടെ കേസിലാണ് താന്‍ പി ശശിയുമായി തെറ്റിയത്. സാജന്‍ സ്‌കറിയയില്‍ നിന്ന് കൈക്കൂലി വാങ്ങി അയാള്‍ക്ക് ജാമ്യം കിട്ടാനുള്ള അവസരമൊരുക്കിക്കൊടുത്തതിനു പിന്നില്‍ എഡിജിപിയും പി ശശിയുമാണ്. ആ കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ് ചെയ്യുന്നതെന്നും പി വി അന്‍വര്‍ ചോദിച്ചു.

സാജന്‍ സ്‌കറിയ പൂനെയില്‍ ഒളിച്ചിരിക്കുന്ന ഇടം പോലീസിനെ അറിയിച്ചപ്പോള്‍ ഇക്കാര്യം എഡിജിപി ചോര്‍ത്തിക്കൊടുത്തു. ഇതിനു ശേഷം ഡല്‍ഹിയില്‍ ഒളിവിലിരുന്ന ഇടത്തെക്കുറിച്ചും താന്‍ വിവരം നല്‍കി. പോലീസ് ഇവിടേക്ക് പോയി പോലുമില്ല. അപ്പോഴാണ് പി ശശിയും എഡിജിപിയും അടക്കമുള്ളവര്‍ ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്ന് വ്യക്തമായത്.
താന്‍ പഴയ കോണ്‍ഗ്രസുകാരനാണെന്നും അതില്‍ മാറ്റമില്ലെന്നും ഇഎംഎസ് ആരായിരുന്നുവെന്നും അന്‍വര്‍ ചോദിച്ചു. കെപിസിസി സെക്രട്ടറിയായിരുന്നു ഇഎംഎസ് എന്നും അന്‍വര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക