15
Sep 2025
Wed
15 Sep 2025 Wed
qatar prime minister

ഇസ്രായേലിനെതിരേ തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി. ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ദോഹയില്‍ ഇന്നലെ രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മേഖലയില്‍ കൂസലില്ലാതെ ഭീകരപ്രവര്‍ത്തനം നടത്തുന്നയാളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ചരിത്രം ഈ ആക്രമണത്തെ രേഖപ്പെടുത്തും. വഞ്ചനയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, ധാര്‍മികതയെയും ഇസ്രായേല്‍ കാറ്റില്‍പ്പറത്തി. ഇസ്രായേലിനെതിരെ രാജ്യാന്തര തലത്തില്‍ നിയമനടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ALSO READ: ഖത്തറിലെ ഇസ്രായേല്‍ ആക്രമണം നടന്നത് സമാധാന കരാര്‍ ചര്‍ച്ച നടക്കവേ; ആറു പേര്‍ കൊല്ലപ്പെട്ടു; ഭരണകൂട ഭീകരതയെന്ന് ഖത്തര്‍

ആക്രമണവിവരം അറിയിച്ചെന്ന അമേരിക്കന്‍ അവകാശവാദത്തെ ഖത്തര്‍ പ്രധാനമന്ത്രി തള്ളി. സംഭവം കഴിഞ്ഞ് പത്തു മിനിറ്റിന് ശേഷമാണ് അമേരിക്ക വിവരം അറിയിച്ചത്. ആക്രമണത്തോട് സുരക്ഷാ സേന കൃത്യമായ രീതിയിലാണ് പ്രതികരിച്ചത്.

റഡാര്‍ വഴി കണ്ടെത്താന്‍ കഴിയാത്ത ആയുധമാണ് ഇസ്രായേല്‍ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. പ്രാദേശിക സുരക്ഷയെയും സുസ്ഥിരതയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം. ഇതിനെതിരെ യോജിച്ചു നീങ്ങണം.

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. നെതന്യാഹുവിന്റെ കാടത്തത്തിനെതിരെ ഒന്നിച്ചു നിന്ന മറുപടിയാണ് ഉണ്ടാകേണ്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അറബ് രാജ്യങ്ങള്‍
പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.

22 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗും, ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലും ഏക സ്വരത്തിലാണ് ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചത്.

ഇസ്രായേലിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച യു.എ.ഇ പ്രസിഡന്റ്, സൗദി കിരീടാവകാശി, കുവൈത്ത് അമീര്‍ എന്നിവര്‍ക്ക് പുറമേ, ബഹ്റൈന്‍ ശൂറാ കൗണ്‍സിലും ഒമാന്‍ വിദേശകാര്യമന്ത്രാലയവും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി.

മധ്യസ്ഥരാജ്യമായ ഖത്തറിന് നേരയുള്ള ആക്രമണത്തെ ഈജിപ്തും ശക്തമായ ഭാഷയില്‍ അപലപിച്ചു. ആക്രമണത്തിന് തങ്ങളുടെ വ്യോമപാത അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജോര്‍ദാന്‍ ആക്രമണത്തെ ഹീനമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. നെതന്യാഹു സര്‍ക്കാറിന് ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.

ഖത്തറിനും ഫലസ്തീനുമൊപ്പം തുര്‍ക്കി ശക്തമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായ നീക്കമെന്ന് പറഞ്ഞ ഇറാന്‍ ഇസ്രായേല്‍ സകലനിയമങ്ങളും കാറ്റില്‍ പറത്തുകയാണെന്ന് വിമര്‍ശിച്ചു.

അറബ് രാജ്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇപ്പോഴാണ് ചെയ്യേണ്ടതെന്നാണ് ഹൂതികളുടെ പ്രതികരണം. ഒന്നിച്ചു നിന്നില്ലെങ്കില്‍ ദോഹയിലേത് എല്ലായിടത്തും സംഭവിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിനെ ആക്രമിച്ചതിന് മറുപടിയെന്നോണം ഇന്നലെ രാത്രിയും യെമനില്‍ നിന്ന് ഹൂതികളുടെ മിസൈലുകള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട് എത്തിയിരുന്നു.

English Summary

Responding to Israel’s attack, Qatar’s Prime Minister Mohammed bin Abdulrahman Al Thani has stated that they have the right to retaliate against Israel and will not accept the violation of the country’s sovereignty. He was speaking at a press conference held in Doha last night following the Israeli attack.