22
Sep 2022
Tue
22 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനധികൃത പാറമടയ്ക്കെതിരെ പരാതി നൽകിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റി കൊലപ്പെടുത്തി. തമിഴ്നാട് തിരൂപ്പൂരിന് സമീപമുള്ള കരൂരിലാണ് സംഭവം. കുപ്പം സ്വദേശിയായ ജനഗനാഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവറേയും പാറമട ഉടമയേയും അറസ്റ്റ് ചെയ്തു.

 

ശനിയാഴ്ച കുപ്പത്തുനിന്ന് കാരുടയൻപാളത്തേക്കു പോവുകയായിരുന്നു ജ​ഗനാഥനെ പിന്നിൽ നിന്ന് ലോറി ഇടിച്ചു കയറ്റി കൊല്ലുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറിയുടമ പാറമട ഉടമയായ സെൽവകുമാറാണെന്ന് കണ്ടെത്തി. ലോറി ഡ്രൈവർ ശക്തിവേലിനെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

ജഗനാഥന്റെ കൃഷി സ്ഥലത്തോടു ചേര്‍ന്ന് സെല്‍വകുമാർ പാറമട നടത്തിയിരുന്നു. തുടര്‍ച്ചയായ സ്ഫോടനങ്ങൾ മൂലം കൃഷി ചെയ്യാൻ കഴിയാതെ വന്നതോടെ പാറമടയ്ക്കെതിരെ പരാതി നൽകുകയായിരുന്നു. അടുത്തിടെ പാറമടയുടെ ലൈസൻസ് അവസാനിച്ചിരുന്നു. എന്നാൽ പാറമട വീണ്ടും പ്രവർത്തിച്ചു.

 

ഇതിനെതിരെ ജനഗനാഥനും സമീപവാസികളും ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. തുടർന്ന് പാറമട പ്രവർത്തനം നിർത്തേണ്ടി വന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സെൽവകുമാർ പൊലീസിന് മൊഴി നൽകി.