എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിലെ സുരക്ഷയ്ക്കായി ബ്രിട്ടൻ ചെലവഴിക്കുന്നത് 59 കോടി രൂപ. സപ്തംബർ 19ന് നടക്കുന്ന സംസ്കാരച്ചടങ്ങിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 75 ലക്ഷം യുഎസ് ഡോളറാണ് ചെലവഴിക്കുന്നത്. വിവിധ രാഷ്ട്രതലവൻമാർ സംബന്ധിക്കുന്ന സംസ്കാരച്ചടങ്ങിന് പഴുതടച്ച സുരക്ഷയാണ് ബ്രിട്ടൻ ഒരുക്കുന്നത്.
|
ബ്രിട്ടീഷ് എംഐ 5, എംഐ 6 ഇന്റലിജൻസ് ഐജൻസികൾ, ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ്, സീക്രട്ട് സർവീസ് വിഭാഗങ്ങൾ സംയുക്തമായാണ് ചടങ്ങിൽ സുരക്ഷയൊരുക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത സുരക്ഷയാണ് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ ഒരുങ്ങുന്നതെന്നും സമീപകാലത്ത് നടന്ന രാജകുമാരന്മാരുടെ വിവാഹങ്ങളിൽ പോലും ഇത്ര വലിയ സുരക്ഷയൊരുക്കിയിരുന്നില്ലെന്ന് രാജകുടുംബത്തിന്റെ മുൻ സുരക്ഷാ ഓഫിസറായ സൈമൺ മോർഗൻ പറയുന്നു.
സംസ്കാരം നടക്കുന്നതിനു സമീപമുള്ള കെട്ടിടങ്ങളിലും മറ്റുമായി അത്യാധുനിക ആയുധങ്ങളേന്തിയ സുരക്ഷാജീവനക്കാർ നിലയുറപ്പിക്കും. ആൾക്കൂട്ടങ്ങൾക്കിടയിൽ പൊലീസ് സാന്നിധ്യമുണ്ടാവും. ഇതിനു പുറമേയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വിന്യാസം. ഏഴരലക്ഷത്തോളം പേരാണ് സംസ്കാരച്ചടങ്ങിൽ സംബന്ധിക്കുകയെന്നാണ് കരുതുന്നത്.
നിലവിൽ സംസ്കാരവേദിയുടെ സമീപപ്രദേശങ്ങളെല്ലാം സുരക്ഷാജീവനക്കാരുടെ കൈപ്പിടിയിലാണ്. സംസ്കാരവേളയിൽ കൂടുതൽ തെരുവുകൾ അടച്ചുപൂട്ടുമെന്നാണ് വിവരം. രാജ്ഞിയുടെ സംസ്കാരവേളയിൽ ശബ്ദശല്യമുണ്ടാവാതിരിക്കാനായി ബ്രിട്ടീഷ് എയർവേസ് 100ലേറെ വിമാനസർവീസുകൾ റദ്ദാക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.



