03
Apr 2025
Mon
03 Apr 2025 Mon
Release of Abdul Rahim from Saudi jail will not happen soon

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ 8 മണിക്ക് കേസില്‍ സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവയ്ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും സിദ്ദിഖ് തുവ്വൂരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍, പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതിനാലാണ് ജയില്‍ മോചനം നീളുന്നത്.

റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം ഇപ്പോള്‍ 19ാം വര്‍ഷത്തിലേക്ക് കടന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ സാധാരണ തടവുശിക്ഷയാണ് വിധിക്കുക.

19 വര്‍ഷമായി തടവിലായതിനാല്‍ ഇനി പ്രതികൂല വിധിയുണ്ടായാലും അബ്ദുല്‍ റഹീമിന് അധികം ജയിലില്‍ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത.

ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് മലയാളികള്‍ റഹീമിന്റെ മോചനത്തിനായി പിരിച്ച് നല്‍കിയത്. ഈ പണമാണ് മരിച്ച സൗദി ബാലന്റെ കുടുംബത്തിന് ദിയാധനമായി നല്‍കിയത്.

തുടര്‍ന്നാണ് അവര്‍ മാപ്പ് നല്‍കിയതും കോടതി വധശിക്ഷ റദ്ദ് ചെയ്തതും. ഇത് പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസിലുള്ള തീര്‍പ്പ് മാത്രമായിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസ് പിന്നീടാണ് ആരംഭിച്ചത്. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 21നാണ് നടന്നത്.

എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെച്ചു.

അതിന് ശേഷം എല്ലാ മാസവും കോടതി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ വിധി വന്നില്ല. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി മൂന്നാം മാസത്തിലാണ് ദാരുണ സംഭവമുണ്ടായത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക