കാല്‍നടയാത്രയായി 150 ദിവസം കൊണ്ട് 3,500 കിമീ, ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം; തിരിച്ചുവരാനുള്ള കോണ്‍ഗ്രസിന്റെ അവസാന പിടിവള്ളി
|
തിരുവനന്തപുരം: 150 ദിവസം കൊണ്ട് 3,500 കിലോമീറ്റര്‍ ദൂരം കാല്‍നടയായി ഇന്ത്യ ചുറ്റിക്കറങ്ങിയുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള അവസാന പിടിവള്ളിയായാണ് യാത്രയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണു രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുക. ദിവസം ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മാരകത്തില്‍ ഇന്നു രാവിലെ 7നു രാഹുല്‍ പ്രാര്‍ഥന നടത്തും. ഉച്ചയ്ക്ക് 12.30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ഒന്നിന് ഹെലികോപ്റ്ററില്‍ കന്യാകുമാരിക്കു തിരിക്കും.
അഗസ്തീശ്വരം കന്യാകുമാരി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക് ഗ്രൗണ്ടില്‍ രാത്രി തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെ മുതല്‍ 10 വരെ കന്യാകുമാരി ജില്ലയില്‍ പര്യടനം നടത്തും. 11നു യാത്ര കേരളത്തില്‍ പ്രവേശിക്കും
യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവര്‍ക്കു സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാകാം. 118 സ്ഥിരാംഗങ്ങള്‍ക്കു പുറമേ ഓരോ സംസ്ഥാനത്തെയും 125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണു ക്രമീകരണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
യാത്രയില്‍ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി രാഹുല്‍ സംവദിക്കും. രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാര്‍ , ആക്ടിവിസ്റ്റുകള്‍ അടക്കമുള്ള വിവിധ വിഭാഗങ്ങളില്‍പെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത 117 കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം 3500 കിലോമീറ്റര്‍ പദയാത്രയ്ക്കൊപ്പം ചേരുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ഗാന്ധി യാത്ര തുടങ്ങുന്നതെന്നാണ് വേണുഗോപാല്‍ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Rahul Gandhi, Bharat Jodo Yatra, Congress



