|
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും അതിന് പാര്‍ട്ടിയുടെ കൈവശം തെളിവുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയുടെ വോട്ട് മോഷണത്തില്‍ കമ്മിഷന്‍ അവര്‍ക്കൊപ്പം നിലനിന്നെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വാര്‍ഷിക നിയമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം ഇതിനകം തന്നെ മരിച്ചുപോയിരിക്കുന്നു. നേരിയ ഭൂരിപക്ഷത്തോടെയാണ് നിലവിലെ പ്രധാനമന്ത്രി അധികാരത്തില്‍ വന്നത്. 15 സീറ്റുകളില്‍ ക്രമക്കേട് നടത്തിയിരുന്നില്ലെങ്കില്‍ മോദിക്ക് പ്രധാനമന്ത്രിയായി തുടരാന്‍ കഴിയുമായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പുനടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തെളിവുകള്‍ ആറ്റം ബോംബിനു തുല്യമാണെന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വിവരങ്ങളും രേഖകളും പുറത്തുവിടുമ്പോള്‍ കമ്മിഷന്റെ പങ്ക് രാജ്യം മുഴുവന്‍ അറിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരു മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ 6.5 ലക്ഷം വോട്ടര്‍മാരില്‍ 1.5 ലക്ഷം പേരും വ്യാജമാണെന്ന് കണ്ടെത്തിയതായി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ ഭൂരിപക്ഷം ഇത്തരത്തിലുള്ള തട്ടിപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ഞാന്‍ അടുത്തിടെ രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. 2014 മുതല്‍ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. മികച്ച വിജയങ്ങള്‍ നേടാനുള്ള ബി.ജെ.പിയുടെ ഈ കഴിവില്‍ ഗുജറാത്തിലെ നിയസഭാ തെരഞ്ഞെടുപ്പോടെ സംശയം വര്‍ധിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സിന് ലോക്‌സഭയിലേക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ ഇക്കാര്യം ഉന്നയിക്കുമ്പോഴെല്ലാം തെളിവ് എവിടെയെന്നാണ് ആളുകള്‍ തിരിച്ചുചോദിക്കുന്നത്. മഹാരാഷ്ട്രയിലും ഇത് ആവര്‍ത്തിച്ചു. മഹാരാഷ്ട്രയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെങ്കിലും നാലുമാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഈ കാലയളവില്‍ ഒരു കോടി പുതിയ വോട്ടര്‍മാര്‍ പ്രത്യക്ഷപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി. ആ വോട്ടുകളില്‍ ഭൂരിഭാഗവും പോയത് ബി.ജെ.പിക്കാണ്. ഞങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് ഞാന്‍ നിസ്സംശയം പറയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ക്രമക്കേടുകളില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടെതെങ്കിലും ഞങ്ങള്‍ അവരെ വെറുതെ വിടില്ല. നിങ്ങള്‍ ഇന്ത്യയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്, ഇത് രാജ്യദ്രോഹത്തിന് തുല്യമാണ്- രാഹുല്‍ താക്കീത് നല്‍കി.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ കമ്മിഷന്‍ നിഷേധിച്ചു. അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണ് ഈ പ്രസ്താവനകളെന്നാണ് കമ്മിഷന്‍ പ്രതികരിച്ചത്.
Opposition leader Rahul Gandhi has repeatedly made serious allegations against the Election Commission.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





