കൽപ്പറ്റ: വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
|
വയനാട് മാനന്തവാടിയിൽ നിരവധി തേയിലത്തോട്ട തൊഴിലാളികളുടെ ജീവൻ അപഹരിച്ച ദാരുണമായ ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജില്ലാ അധികാരികളുമായി സംസാരിച്ച് വേഗത്തിലുള്ള നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ- അദ്ദേഹം കുറിച്ചു.
ഇന്ന് വൈകുന്നേരം 3.45ഓടെയാണ് വയനാട് തലപ്പുഴയിൽ അപകടമുണ്ടാകുന്നത്. മക്കി മലയിൽ നിന്ന് സ്വകാര്യ തേയില തോട്ടങ്ങളിൽ പണിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. വെൺമണി ഭാഗത്തു നിന്നും തലപ്പുഴയിൽ നിന്ന് വരികയായിരുന്ന ജീപ്പ് കണ്ണോത്ത് മല കയറുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. 25 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
ഗുരുതര പരിക്കുകളോടെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ചത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളായ സ്ത്രീകളാണ്. ഇതിൽ റാബി, ശാന്ത, ലീല, റാബിയ, ചിന്നമ്മ, ഷാജ എന്നിവരെ തിരിച്ചറിഞ്ഞു. ദീപു ടീ ട്രേഡിങ് കമ്പനിയുടെ ജീപ്പാണ് വളവില്‍ കലുങ്ക് തകര്‍ത്ത് മറിഞ്ഞത്.
പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറടക്കം കൊക്കയിലേക്ക് മറിയുകയായിരുന്നു. തൊഴിലാളികൾ സ്ഥിരം സഞ്ചരിക്കുന്ന ജീപ്പാണ് മറിഞ്ഞത്. ജോലിക്കായി ഈ വഴിയാണ് ഇവർ പതിവായി പോകുന്നതും.
Deeply saddened by the tragic jeep accident that took the lives of many tea plantation workers in Mananthavady, Wayanad.
Have spoken to the district authorities, urging a swift response. My thoughts are with the grieving families. Wish a speedy recovery to those injured.
— Rahul Gandhi (@RahulGandhi) August 25, 2023





