വോട്ടെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാര്‍ത്താസമ്മേളനം വിളിച്ച രാഹുല്‍ ഗാന്ധി പ്രസന്റേഷന്റെ സഹായത്തോടെയാണ് തന്റെ ആരോപണങ്ങളുടെ തെളിവുകള്‍ മാധ്യമങ്ങള്‍ മുമ്പാകെ പങ്കുവച്ചത്. മഹാരാഷ്ട്രയില്‍ അടക്കം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധ വോട്ടുമോഷണം വ്യക്തമാക്കുന്ന വോട്ടര്‍ പട്ടികയും പുറത്തുവിട്ടു.
കര്‍ണാടകയിലെ മഹാദേവപുര ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ ആകെയുള്ള 6.5 ലക്ഷം വോട്ടര്‍മാരില്‍ ഒരുലക്ഷത്തി അമ്പതിനായിരവും വ്യാജന്മാരാണെന്നു കണ്ടെത്തിയെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത് ഈ തട്ടിപ്പിലൂടെ നേടിയ സീറ്റുകള്‍ ഉപയോഗിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
|
വോട്ടര്‍പട്ടികയിലുള്‍പെട്ട നിരവധി പേരുടെ വീട്ടു നമ്പര്‍ പൂജ്യം എന്നാണ് കാണിച്ചിരിക്കുന്നത്. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ക്രമംതെറ്റിയ ഇംഗ്ലീഷ് അക്ഷരമാല നല്‍കിയിരിക്കുന്നു. ഒറ്റമുറി വീടിന്റെ നമ്പര്‍ നല്‍കിയിട്ടുള്ളത് 46 വോട്ടര്‍മാര്‍ക്കാണ്. ഈ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കോണ്‍ഗ്രസ് അന്വേഷണം നടത്തിയെങ്കിലും ആ വിലാസത്തിലൊന്നും ആളുകളെ കണ്ടെത്താനായില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ പട്ടികയില്‍ 40009 തെറ്റായ മേല്‍വിലാസങ്ങളും കോണ്‍ഗ്രസ് കണ്ടെത്തുകയുണ്ടായി. ബംഗളുരുവിലെ വോട്ടര്‍ പട്ടികയില്‍ 70കാരിയെ കന്നി വോട്ടറായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയില്‍ രണ്ടു തവണ ഇവരുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ റിസര്‍ച്ച് ടീം ആണ് ഈ കണ്ടെത്തലുകള്‍ നടത്തിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണെന്നും അത് തകര്‍ക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എക്‌സിറ് പോള്‍ ഫലങ്ങളില്‍ നിന്ന് വിപരീതമായ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നു. ഹരിയാന തിരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ ചേര്‍ത്തവരെക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ അഞ്ചുമാസം കൊണ്ട് ചേര്‍ത്തുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയര്‍ന്നു. വോട്ടര്‍ പട്ടിക നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരുഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ മാറ്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അദ്ദേഹത്തോട് ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തെറ്റായ തെളിവ് നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ALSO READ: തൃശൂരില്‍ കരാട്ടെ പരിശീലകയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വിവാഹിതയായത് കഴിഞ്ഞമാസം


