28
Jul 2024
Mon
28 Jul 2024 Mon
Rahul Gandhi speech

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിലെന്ന പോലെ ബജറ്റ് ചര്‍ച്ചയിലും താരമായി രാഹുല്‍ ഗാന്ധി. (Rahul Gandhi speech on union budget 2024 ) പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സഭയുടെ കൈയടി നേടി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉള്‍പ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവര്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തില്‍ ആറു പേര്‍ ചേര്‍ന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തില്‍ കുരുക്കി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടില്‍, താമരയുടെ പ്രതീകാത്മക രൂപത്തില്‍ പുതിയൊരു ചക്രവ്യൂഹം നിര്‍മിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ട് ഞെരിഞ്ഞമരുകയാണ്. നരേന്ദ്രമോദി, അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.”-എന്നാണ് രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

ALSO READ: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഗംഭീരം; പക്ഷേ മുസ്ലിംകളുടെ കാര്യം കൂടി പറയണമായിരുന്നു: കെ ടി ജലീല്‍

രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ സഭയില്‍ ഇല്ലാത്തവരുടെ പേര് പരാമര്‍ശിച്ചുവെന്ന് പറഞ്ഞ് ബി.ജെ.പി അംഗങ്ങള്‍ ബഹളം വച്ചു. ഇതോടെ വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ ഇല്ലാത്തവരുടെ പേര് പരാമര്‍ശിക്കരുതെന്ന് രാഹുലിന് താക്കീത് നല്‍കി. തുടര്‍ന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍, അദാനി, അംബാനി എന്നതിന് പകരം എ1, എ2 എന്നാക്കാമെന്നു രാഹുല്‍ പരിഹസിച്ചു.


ബജറ്റില്‍ ദലിത്-ആദിവാസി വിഭാഗങ്ങളെയും അവഗണിച്ചു. രാജ്യത്തെ ജനങ്ങള്‍ ഭയപ്പാടിലാണ് ജീവിക്കുന്നത്. എല്ലാം കേട്ട് എന്റെ സുഹൃത്തുക്കള്‍ ചിരിക്കുന്നുണ്ടെങ്കില്‍ പേടിയുടെ നിഴലിലാണ് അവര്‍. യുവാക്കള്‍ അഗ്‌നിവീറിന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നു. അഗ്‌നിവീറുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെ കുറിച്ച് ബജറ്റില്‍ സൂചിപ്പിക്കുന്നു പോലുമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ബിജെപിയില്‍ ഒരാള്‍ക്ക് മാത്രമേ പ്രധാനമന്ത്രി പദം സ്വപ്നം കാണാന്‍ കഴിയുകയുള്ളൂ എന്നും മോദിയെ വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്രബജറ്റിനെയും രാഹുല്‍ കടന്നാക്രമിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് ബജറ്റ് വേളയില്‍ ഒരക്ഷരം സംസാരിച്ചില്ല, അഗ്‌നി വീറുകള്‍ക്ക് ബജറ്റില്‍ ഒരു രൂപ പോലും നീക്കി വെച്ചില്ല, രാഹുല്‍ പറഞ്ഞു. ഒരിക്കല്‍ രാജ്യത്തെ സാധാരണക്കാര്‍ നിങ്ങളുടെ ചക്രവ്യൂഹത്തെ ഭേദിക്കുമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.