27
Jul 2024
Tue
27 Jul 2024 Tue
Rahul Gandhi vs KT Jaleel

മലപ്പുറം: പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ മുസ്ലിംകളുടെ വിഷയങ്ങള്‍ അവഗണിച്ചതിനെതിരേ പ്രകരിച്ച് കെ.ടി. ജലീല്‍ എംഎല്‍എ. (Rahul Gandhi’s speech is awesome; But he should have said about Muslims too: KT Jalil) പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഗംഭീരമായി. എന്നാല്‍, ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ ജനവിഭാഗമായ മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും കഷായത്തില്‍ ചേര്‍ക്കാന്‍ പോലും പ്രതിഫലിച്ചില്ല എന്നത് വേദനാജനകമാണെന്ന് ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഒന്നരമണിക്കൂര്‍ നീണ്ട ലോകസഭയിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തില്‍ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രശ്‌നങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. യുവാക്കളുടെ തൊഴിലില്ലായ്മ, കര്‍ഷകരുടെ ദുരിതങ്ങള്‍, വിലക്കയറ്റം, സര്‍ക്കാറിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേട്, അദാനിക്കും അംബാനിക്കും ലഭിക്കുന്ന അമിതമായ സാമ്പത്തിക മേല്‍ക്കോയ്മ, മണിപ്പൂരിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും അതില്‍ കടന്നുവന്നു. അത്രയും നല്ലത്. എന്നാല്‍, രാഹുല്‍ പ്രതിപക്ഷ നേതാവായ ശേഷം ആദ്യം നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് രാജ്യത്ത് നിന്ന് ആട്ടിയോടിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ (CAA) കുറിച്ച് ഒരു വാചകമെങ്കിലും പറയാതിരുന്നത് അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയൊരു സമൂഹത്തെയാണ് വേദനിപ്പിച്ചത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എണ്ണിയെണ്ണി പറഞ്ഞ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് CAA തന്റെ കന്നിപ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമായി എന്തേ തോന്നാതിരുന്നതെന്ന് ജലീല്‍ ചോദിച്ചു.
ആരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നത്? കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും അപമാനിച്ചതിനെ സംബന്ധിച്ച് ഒരു വാക്കെങ്കിലും രാഹുലിന് പറയാമായിരുന്നില്ലെ? ഏകസിവില്‍കോഡ് കോടിക്കിന് മനുഷ്യരുടെ ആത്മാഭിമാനത്തിലാണ് തീ കോരിയിട്ടിരിക്കുന്നത്. അതും രാഹുല്‍ഗാന്ധിയുടെ ഓര്‍മ്മയുടെ റഡാറില്‍ എന്തേ പതിയാതിരുന്നതെന്നും ജലീല്‍ ചോദിച്ചു.

നാല്‍ക്കാലിക്കടത്ത് ആരോപിച്ച് നൂറിലധികം ആളുകളുടെ ജീവനെടുത്ത കിരാത സംഭവം, രാജ്യത്തിന്റെ പാര്‍ലമെന്റിനകത്ത് ഉന്നയിക്കേണ്ടാത്ത വിഷയമായിട്ടാണോ രാഹുല്‍ജി കാണുന്നത്? യുപിയില്‍ എസ്.പിയുടെ അഞ്ച് മുസ്‌ലിം എം.എല്‍.എമാരാണ് മാസങ്ങളായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് കല്‍തുറുങ്കില്‍ അടക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ ജയിലില്‍ വെച്ച് മരിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് അദ്ദേഹത്തെ കൊന്നതെന്ന ആക്ഷേപം കുടുംബം ഉന്നയിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എം.എല്‍.എയും കൂടിയായ അദ്ദേഹത്തിന്റെ മകന് തന്റെ പിതാവിന്റെ മൃതദേഹം പോലും കാണാന്‍ യോഗി സര്‍ക്കാര്‍ അനുവദിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ഇഖ്‌റഅ മുനവ്വറ എം.പിയുടെ സഹോദരനും നിലവിലെ യു.പി എം.എല്‍.എ.യുമായ നാഹിദ് ഹസ്സന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഇവയൊന്നും രാഹുല്‍ ഗാന്ധിയുടെ മുന്‍ഗണനാ പട്ടികയില്‍ വന്നില്ല എന്നുള്ളത് വേദനാജനകമാണെന്നും കെ ടി ജലീല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

അരങ്ങേറ്റം ഗംഭീരം! പക്ഷെ…

പതിനെട്ടാം ലോകസഭയുടെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവുമധികം സമയവും അവസരവും സഭാതലത്തില്‍ കിട്ടുന്ന ആളാണ് പ്രതിപക്ഷ നേതാവ്. ഏത് ഘട്ടത്തിലും പ്രതിപക്ഷ നേതാവിന് പാര്‍ലമെന്റിന്റെ ബിസിനസുകളില്‍ ഇടപെടാം. സ്പീക്കര്‍ സമയം അനുവദിക്കും. പ്രതിപക്ഷനേതൃപദവിയുടെ കുപ്പായമിട്ട് രാഹുല്‍ ലോകസഭയില്‍ നടത്തിയ പ്രസംഗം ഗംഭീരമായി, പക്ഷെ. ഒന്നരമണിക്കൂര്‍ നീണ്ട ലോകസഭയിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തില്‍ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രശ്‌നങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. യുവാക്കളുടെ തൊഴിലില്ലായ്മ, കര്‍ഷകരുടെ ദുരിതങ്ങള്‍, വിലക്കയറ്റം, സര്‍ക്കാറിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേട്, അദാനിക്കും അംബാനിക്കും ലഭിക്കുന്ന അമിതമായ സാമ്പത്തിക മേല്‍ക്കോയ്മ, മണിപ്പൂരിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവന്നു. അത്രയും നല്ലത്. എന്നാല്‍ ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ ജനവിഭാഗമായ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും രാഹുലിന്റെ പ്രസംഗത്തില്‍ കഷായത്തില്‍ ചേര്‍ക്കാന്‍ പോലും പ്രതിഫലിച്ചില്ല.

മതവും പേരും നോക്കി പൗരത്വം നല്‍കാനുള്ള ഒരു കരിനിയമം നടപ്പിലാക്കപ്പെട്ട നാടാണ് ഇന്ത്യ. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രസ്തുത നിയമം രാജ്യത്ത് പ്രയോഗത്തില്‍ വന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കിയതിന്റെ സചിത്ര വാര്‍ത്തകള്‍ നാം കണ്ടതാണ്. ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നാണ് മുസ്ലിങ്ങളെ പ്രധാനമന്ത്രി മോദി ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ വിളിച്ചത്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് മുപ്പത്തിയഞ്ച് ശതമാനം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ആസ്സാം. എത്രയോ വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന പതിനായിരക്കണക്കിന് മുസ്ലിങ്ങളെ നാടുകടത്താന്‍ തകൃതിയായ നീക്കങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്. ആസ്സാമിലെ പ്രബല ന്യൂനപക്ഷം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നു എന്ന രാഷ്ട്രീയ വൈരവും ബി.ജെ.പിക്കുണ്ട്.

ഇന്ത്യയുടെ ഇന്നോളമുള്ള ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ടിക്കറ്റില്‍ ആസ്സാമിലെ ദുബ്രി മണ്ഡലത്തില്‍ മല്‍സരിച്ച് വന്‍വിജയം നേടിയ റാഖിബുല്‍ ഹുസൈനാണ്. പത്ത് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. പ്രധാനമന്ത്രി ആയ ശേഷം ലോകസഭയിലേക്ക് മല്‍സരിച്ച നരസിംഹറാവുവിന്റെ അഞ്ചുലക്ഷത്തി എണ്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമെന്ന റെക്കോര്‍ഡാണ് റാഖിബുല്‍ ഹുസൈന്‍ തകര്‍ത്തത്. ആസ്സാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ ഈ വമ്പന്‍ ലീഡ് അവിടെയുള്ള പാവപ്പെട്ട മനുഷ്യരുടെ ഉല്‍കണ്ഠയുടെ ജീവിക്കുന്ന തെളിവാണ്.

ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോരാതെ എസ്.പിയുടെയും കോണ്‍ഗ്രസ്സിന്റെയും സംയുക്ത പെട്ടിയില്‍ വീണത് യോഗി സര്‍ക്കാര്‍ അവിടെ നടത്തുന്ന ന്യൂനപക്ഷ വേട്ട കൊണ്ടു കൂടിയാണ്. ബീഫിന്റെ പേരില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കൊലചെയ്യപ്പെട്ടത് നൂറോളം മനുഷ്യരാണ്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് പരാജയത്തില്‍ കലിപൂണ്ട സംഘ്പരിവാരങ്ങള്‍ പ്രമുഖരായ രണ്ട് ഇസ്ലാമിക പണ്ഡിതന്മാരെ യു.പി-യില്‍ വകവരുത്തിയത്. പള്ളി ഇമാമുമാര്‍ എന്ന നിലയില്‍ മതേതര മുന്നണിക്ക് വോട്ടു ചെയ്യാന്‍ വിശ്വാസികളെ ഉല്‍ബോധിപ്പിച്ചു എന്ന ‘തെറ്റേ’ അവര്‍ ചെയ്തിട്ടുള്ളൂ.

ഏകസിവില്‍കോഡ്, വിശ്വാസപരവും സാംസ്‌കാരികവുമായ തങ്ങളുടെ സ്വത്വം തകര്‍ക്കപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന കോടിക്കണക്കിന് ജനങ്ങള്‍ ഇന്ത്യയിലുണ്ട്. എന്‍.ഐ.എ നിയമം കൂടുതല്‍ കര്‍ക്കശമാക്കി ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് നിരപരാധികളായ ആയിരക്കണക്കിന് ചെറുപ്പക്കാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ വിചാരണ കൂടാതെ അഴികള്‍ എണ്ണി കഴിയുന്നത്. ഒരു വര്‍ഷം മുമ്പ് കര്‍ണ്ണാടകയിലെ ബെല്ലാരി ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം നിരവധി ചെറുപ്പക്കാരെ അവിടെ കാണാനായത് സ്മൃതിപഥങ്ങളില്‍ മായാതെ നില്‍പ്പുണ്ട്. ജീവിതകാലം മുഴുവന്‍ അവര്‍ അവിടത്തന്നെ കിടന്നാലും ആരും ചോദിക്കാനോ പറയാനോ ഇല്ലാത്ത അവസ്ഥ എന്തുമാത്രം ഭീതിതമാണ്

അതിന് അധികാരികള്‍ക്ക് അവകാശം നല്‍കുന്ന നിയമഭേദഗതിയാണ് എന്‍.ഐ.എ നിയമത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ നടത്തിയത്. അതിന് കോണ്‍ഗ്രസ് കൈപൊക്കി പിന്തുണ കൊടുത്തത് മറ്റൊരു കഥ. കാശ്മീരിന് പണ്ഡിറ്റ് നഹ്‌റുവും സര്‍ദാര്‍പട്ടേലും സമ്മാനമായി നല്‍കിയ 370-ാം വകുപ്പ് റദ്ദ് ചെയ്തതും അതേ തുടര്‍ന്ന് ജമ്മുകാശ്മീര്‍ പകുക്കപ്പെട്ടതും കാശ്മീര്‍ ജനതയെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളാണ്. കശ്മീരില്‍ ഭൂമി വാങ്ങാന്‍ പുറം സംസ്ഥാനക്കാര്‍ക്ക് അവസരം നല്‍കിയാല്‍ നല്ല വിലക്ക് വമ്പന്‍ മുതലാളിമാര്‍ ഭൂമി വാരിക്കൂട്ടം. അധികം വൈകാതെ കാശ്മീരിലെ നല്ലൊരു ശതമാനം സ്വദേശികളായ സാധാരണക്കാര്‍ ഭൂരഹിതരാകും. അതുണ്ടാക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അവസാനിക്കാറായപ്പോള്‍ നരേന്ദ്രമോദി എഴുന്നേറ്റ് ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും രാഹുല്‍ അപമാനിച്ചു എന്ന് പറഞ്ഞപ്പോഴാണ്, രാഹുല്‍ അതിന് മറുപടി എന്നോണം ഹിന്ദുക്കളുടെ മൊത്തം കുത്തക ബി.ജെ.പിക്കല്ല, ആര്‍.എസ്.എസിന് അല്ല, നരേന്ദ്രമോദിക്കല്ല എന്ന് ഉച്ചത്തില്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ശരീരഭാഷ നോക്കിയാല്‍ അത് മനസ്സിലാകും. ആ പരാമര്‍ശം രാഹുലിന്റെ ഒന്നര മണിക്കൂര്‍ പ്രസംഗത്തിന്റെ സ്വഭാവിക ഭാഗമായി വന്നതല്ല. മോദി ഇടക്ക് കയറി പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ അത്തരമൊരു പ്രതികരണം രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമായിരുന്നില്ല.

രാഹുല്‍ പ്രതിപക്ഷ നേതാവായ ശേഷം ആദ്യം നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് രാജ്യത്ത് നിന്ന് ആട്ടിയോടിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ (CAA) കുറിച്ച് ഒരു വാചകമെങ്കിലും പറയാതിരുന്നത് അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയൊരു സമൂഹത്തെയാണ് വേദനിപ്പിച്ചത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എണ്ണിയെണ്ണി പറഞ്ഞ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് CAA തന്റെ കന്നിപ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമായി എന്തേ തോന്നാതിരുന്നത്? പൗരത്വ റജിസ്റ്ററിനെ പറ്റിയോ, (NRC) ഏക സിവില്‍ കോഡിനെ കുറിച്ചോ അദ്ദേഹം ഒരു വാക്ക് മിണ്ടിയത് കണ്ടില്ല. ആരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നത് കോണ്‍ഗ്രസ്സിനെ ക്ഷണിക്കാത്തതിന്റെ പേരില്‍ വെള്ളി ഇഷ്ടിക ഏതൊരു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനാണോ കോണ്‍ഗ്രസ് നേതാക്കള്‍ അയച്ചു കൊടുത്തത്, അതേ രാമക്ഷേത്രം പണിത അയോദ്ധ്യ ഉള്‍കൊള്ളുന്ന ഫൈസാബാദില്‍ ബി.ജെ.പി തോറ്റമ്പി. സംഘ്പരിവാറുകാരുടെ മാത്രമല്ല രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്തതിന്റെ പേരില്‍ വ്യസനം രേഖപ്പെടുത്തിയ കോണ്‍ഗ്രസ്സിന്റെയും കണ്ണു തുറപ്പിക്കേണ്ട പരാജയമാണത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും അപമാനിച്ചതിനെ സംബന്ധിച്ച് ഒരു വാക്കെങ്കിലും രാഹുലിന് പറയാമായിരുന്നില്ലെ? ഏകസിവില്‍കോഡ് കോടിക്കിന് മനുഷ്യരുടെ ആത്മാഭിമാനത്തിലാണ് തീ കോരിയിട്ടിരിക്കുന്നത്. അതും രാഹുല്‍ഗാന്ധിയുടെ ഓര്‍മ്മയുടെ റഡാറില്‍ എന്തേ പതിയാതിരുന്നത്? നാല്‍ക്കാലിക്കടത്ത് ആരോപിച്ച് നൂറിലധികം ആളുകളുടെ ജീവനെടുത്ത കിരാത സംഭവം, രാജ്യത്തിന്റെ പാര്‍ലമെന്റിനകത്ത് ഉന്നയിക്കേണ്ടാത്ത വിഷയമായിട്ടാണോ രാഹുല്‍ജി കാണുന്നത്? UP യില്‍ അഞ്ച് എസ്.പിയുടെ മുസ്ലിം എം.എല്‍.എമാരാണ് മാസങ്ങളായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് കല്‍തുറുങ്കില്‍ അടക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ ജയിലില്‍ വെച്ച് മരിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് അദ്ദേഹത്തെ കൊന്നതെന്ന ആക്ഷേപം കുടുംബം ഉന്നയിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എം.എല്‍.എയും കൂടിയായ അദ്ദേഹത്തിന്റെ മകന് തന്റെ പിതാവിന്റെ മൃതദേഹം പോലും കാണാന്‍ യോഗി സര്‍ക്കാര്‍ അനുവദിച്ചില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ഇഖ്‌റഅ മുനവ്വറ എം.പിയുടെ സഹോദരനും നിലവിലെ യു.പി എം.എല്‍.എ.യുമായ നാഹിദ് ഹസ്സന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഇവയൊന്നും രാഹുല്‍ ഗാന്ധിയുടെ മുന്‍ഗണനാ പട്ടികയില്‍ വന്നില്ല എന്നുള്ളത് വേദനാജനകമാണ്.

ഒരു ജനാധിപത്യ രാജ്യത്തിന്റെ സംതൃപ്തി ആ നാട്ടിലെ ന്യൂനപക്ഷങ്ങളുടെ സംതൃപ്തിയിലാണ് കുടികൊള്ളുന്നത്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷങ്ങളുടെ പേര് പോലും പറയാന്‍ മടിക്കുന്ന പ്രതിപക്ഷ നേതാവ് തന്റെ മുതുമുത്തച്ഛനും ഇന്ത്യയുടെ എക്കാലത്തെയും വലിയ ജനാധിപത്യവാദിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്‌റുവിന്റെ ‘Discovery of India’ എന്ന പുസ്തകം ഒരാവര്‍ത്തി വായിക്കണം. ഇന്‍ഡ്യാ മുന്നണിക്ക് വോട്ട് ചെയ്തു എന്ന ഏക കാരണത്താല്‍ നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളുടെ കൂരകളും കടകളുമാണ് ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. അവിടങ്ങളില്‍ എവിടെയെങ്കിലും രാഹുല്‍ ഒന്ന് സന്ദര്‍ശിച്ചോ? അവരെ ഒന്നുപോയി സമാശ്വസിപ്പിച്ചോ? അക്കാര്യങ്ങള്‍ സഭയില്‍ ഒന്നോര്‍മ്മിപ്പിച്ചോ? വരുംനാളുകളിലെങ്കിലും രാഹുല്‍ഗാന്ധിയുടെ ഓര്‍മ്മപ്പുറത്ത് ഇവയെല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകുമോ? ഇന്ത്യന്‍ ജനത അതാണ് ഉറ്റുനോക്കുന്നത്.