25
Aug 2025
Fri
25 Aug 2025 Fri
police filed case against BJP leaders for death threat against Rahul Mankoottathil MLA

നിരവധി സ്ത്രീകളില്‍ നിന്ന് ആരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

കേസില്‍ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇരയെ കണ്ടെത്തണം. ഇര കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയോ പരാതി നല്‍കാനോ തയാറാകണം. ഗര്‍ഭഛിദ്ര ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്ന് കാത്തിരിക്കാമെന്നാണ് പൊലീസ് തീരുമാനം.

ALSO READ: ഷാഫി പറമ്പലിനെതിരേ ഹൈക്കമാന്‍ഡിന് പരാതി

രാഹുലിനെതിരെ പാര്‍ട്ടിക്ക് നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ പാര്‍ട്ടിയെ സമീപിക്കുമോ എന്നറിയാനും പൊലീസിന് നീക്കമുണ്ട്.

നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിലും ബാലാവകാശ കമീഷനും പരാതി നല്‍കിയത്. യുവതിയും രാഹുലും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത് കുറ്റകരമായിരിക്കെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രവര്‍ത്തി. പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ പ്രകാരം സ്ത്രീയെ രാഹുല്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ട്. പല ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കാന്‍ ബാലാവകാശ കമീഷന്‍ ഇടപെടണമെന്നും സത്യാവസ്ഥ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്സന് നല്‍കിയ പരാതിയിലെ ആവശ്യം. അതേസമയം, ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിക്കുന്ന യുവതികള്‍ ആരും ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നല്‍കിയിട്ടില്ല.

അന്വേഷണത്തിന് സമിതി

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. പാര്‍ട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തില്‍ അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ.

അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. പാര്‍ട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉള്‍പ്പെടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

അതേസമയം യൂത്ത് കോണ്‍ഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരാണ് പരിഗണനയിലുള്ളത്.