ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ ബലാത്സംഗ കേസ്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന ഇറാനിയൻ യുവതിയുടെ പരാതിയിലാണ് മൈസൂരിലെ വിവി പുരം പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
|
രാഖി സാവന്ത് നൽകിയ തട്ടിപ്പ് കേസിൽ ആദിൽ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആദിലിനെതിരായ രണ്ടാമത്തെ എഫ്‌ഐആറാണിത്. മൈസൂരിൽ ഒരുമിച്ച് താമസിക്കുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദിൽ തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു.
വിവാഹം കഴിക്കണമെന്ന് അഞ്ച് മാസം മുമ്പ് ആവശ്യപ്പെട്ടപ്പോൾ അത് നിരസിക്കുകയും തനിക്ക് നിരവധി പെൺകുട്ടികളുമായി സമാനമായ ബന്ധമുണ്ടെന്ന് പറയുകയും ചെയ്തു. തുടർന്ന് തന്നോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ അയച്ചുനൽകി പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തി.
അങ്ങനെയുണ്ടായാൽ അവ പുറത്തുവിടുമെന്ന് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തെന്നും പരാതിയിൽ വിശദമാക്കുന്നു. ഐപിസി 376, 417, 420, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് ആദിലിനെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് ആണ് ഈ മാസം ഏഴിന് രാഖി സാവന്തിന്റെ പരാതിയിൽ ആദിൽ ഖാനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ജനുവരി 28ന് രാഖിയുടെ അമ്മ മരിച്ചിരുന്നു. അമ്മയുടെ മരണത്തിന് കാരണം ആദിലാണെന്നായിരുന്നു രാഖിയുടെ ആരോപണം.
തന്റെ പണമത്രയും ആദിൽ കൈക്കലാക്കിയെന്നും അമ്മയുടെ ശസ്ത്രക്രിയയ്ക്കുള്ള പണം പോലും നൽകിയില്ലെന്നും രാഖി ആരോപിച്ചിരുന്നു. ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഗുരുതര ആരോപണമുന്നയിച്ചു.
കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർത്ത പുറത്തെത്തിയെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല എന്ന് ആവർത്തിച്ചിരുന്ന രാഖി പിന്നീട് കല്യാണക്കാര്യം മറച്ചവയ്ക്കാൻ ആദിൽ നിർബന്ധിച്ചതായും ആരോപിച്ചിരുന്നു. തന്റെ വിവാഹജീവിതം അപകടത്തിലാണ്, ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും വിവാഹം ഒരിക്കലും ഒരു തമാശയല്ലെന്നും നടി പറഞ്ഞിരുന്നു.



