Gurmeet Ram Rahim Singh ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് വീണ്ടും 40 ദിവസത്തെ പരോള്‍ അനുവദിച്ചു. ഹരിയാനയിലെ റോഹ്തക് ജില്ലയിലുള്ള സുനാരിയ ജയിലില്‍ കഴിയുന്ന സിംഗ്, സിര്‍സ ജില്ലയിലുള്ള തന്റെ സംഘടനയുടെ ആസ്ഥാനത്താകും പരോള്‍ കാലാവധി ചെലവഴിക്കുക.
|
ഈ പുതിയ പരോള്‍ കൂടി ലഭിച്ചതോടെ, ശിക്ഷിക്കപ്പെട്ടതിന് ശേഷം 15-ാം തവണയാണ് സിംഗ് ജയിലിന് പുറത്തിറങ്ങുന്നത്.
ഇതിന് മുന്‍പ് ഓഗസ്റ്റ് 5-നാണ് ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തിന് 40 ദിവസത്തെ പരോള്‍ അനുവദിച്ചത്. കൂടാതെ ഏപ്രില്‍ മാസത്തില്‍ 21 ദിവസത്തെ ഫര്‍ലോയും (furlough), ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയില്‍ 30 ദിവസത്തെ പരോളും ലഭിച്ചിരുന്നു.
സിര്‍സയിലെ ദേരാ ആസ്ഥാനത്ത് വെച്ച് രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ 2017-ലാണ് സിംഗ് 20 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
ALSO READ: താന്‍ മല്‍സരിച്ചത് മേയറാക്കാമെന്ന ഉറപ്പില്‍; ബിജെപിയെ വെട്ടിലാക്കി ആര്‍ ശ്രീലേഖ
മറ്റൊരു കേസില്‍, ആശ്രമത്തിലെ മുന്‍ മാനേജരെ കൊലപ്പെടുത്തിയ കുറ്റത്തിന് 2021-ല്‍ സിംഗിനും മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചിരുന്നു. എന്നാല്‍ 2024 മെയ് മാസത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഈ കൊലപാതക കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ടു.
കോടതിയുടെ അനുമതിയില്ലാതെ സിംഗിന് പരോള്‍ അനുവദിക്കരുതെന്ന് 2024 ഫെബ്രുവരിയില്‍ ഹൈക്കോടതി ഹരിയാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. 50 ദിവസത്തെ പരോള്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമായിരുന്നു ഈ ഉത്തരവ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്‍പത് തവണയും, 24 മാസത്തിനിടെ ഏഴ് തവണയും അദ്ദേഹം പുറത്തിറങ്ങിയിരുന്നു.
തുടര്‍ന്ന് 2024 ഓഗസ്റ്റില്‍, സിംഗിന്റെ താല്‍ക്കാലിക മോചനത്തിനായുള്ള അപേക്ഷയില്‍ 2022-ലെ ‘ഹരിയാന ഗുഡ് കണ്ടക്ട് പ്രിസണേഴ്സ് ടെമ്പററി റിലീസ് ആക്റ്റ്’ പ്രകാരം ബന്ധപ്പെട്ട അധികാരികള്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ തീരുമാനം ‘പക്ഷപാതമോ ഏകപക്ഷീയതയോ’ ഇല്ലാതെ എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഫര്‍ലോ അപേക്ഷയിലെ അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല ഹൈക്കോടതി ഹരിയാന ജയില്‍ വകുപ്പിന് വിട്ടുകൊടുത്തു.


