14
Oct 2024
Thu
14 Oct 2024 Thu
Ratan Tata

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ ലോകത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ്)യില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. വെര്‍ലിയിലെ പൊതുശ്മശാനത്തിലാണ് സംസ്‌കാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെ വിട പറഞ്ഞ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അനുസ്മരിച്ചു. ധാര്‍മ്മികതയുടെയും സംരംഭകത്വത്തിന്റെയും അതുല്യമായ കൂട്ട് എന്നാണ് രത്തന്‍ ടാറ്റയെ ഏക്നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്.

ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് രത്തന്‍ ടാറ്റയെന്നും ഷിന്‍ഡെ വിശേഷിപ്പിച്ചു. വ്യവസായ ഇതിഹാസത്തെ അവസാനമായി കാണാന്‍ എന്‍സിപിഎയിലേക്ക് എത്തുന്നവര്‍ ഗേറ്റ് മൂന്ന് വഴി പ്രവേശിച്ച് ഗേറ്റ് രണ്ട് പുറത്തേക്ക് ഇറങ്ങണമെന്നും പരിസരത്ത് പാര്‍ക്ക് സൗകര്യം ഇല്ലെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

രാജ്യാതിര്‍ത്തികള്‍ കടന്ന് പടര്‍ന്ന് പന്തലിച്ച വ്യവസായിയാണ് രത്തന്‍ ടാറ്റ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പര്‍ശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബവും അനുശോചിച്ചു.

1991ല്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സ്ഥാനമേറ്റ രത്തന്‍ ടാറ്റ രാജ്യം ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയില്‍ ഉറപ്പിച്ചുനിര്‍ത്തി. 1998 ഡിസംബര്‍ 30ന് ഇന്ത്യയില്‍ നിര്‍മിച്ച ‘ഇന്‍ഡിക്ക’ കാര്‍ പുറത്തിറക്കി. ഇന്‍ഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു.

2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തു. 2009 ല്‍ നാനോ കാര്‍ വിപണയിലെത്തിച്ചു. ഇത് ഇന്ത്യന്‍ വാഹനചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നില്‍ക്കുന്ന, 6 ഭൂഖണ്ഡങ്ങളില്‍ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റയുടെ മടക്കം. രത്തന്‍ വിടപറയുമ്പോള്‍ ടാറ്റ ഇവിടെത്തന്നെയുണ്ട്, തൂണിലും തുരുമ്പിലും. ഉപ്പിലും ഉരുക്കിലും, കാറിലും ട്രക്കിലും…!

പഴയ ബോംബെയുടെ നടുവില്‍, ഒരു കൂറ്റന്‍ ബംഗ്ലാവിലാണ് രത്തന്‍ മുത്തശ്ശിയോടൊപ്പം കുട്ടിക്കാലത്തു കഴിഞ്ഞത്. ആ വീടിന്റെ ചില ഭാഗങ്ങളാണ് പിന്നീടു വിഖ്യാതമായ സ്റ്റെര്‍ലിങ് സിനിമയും ഡോയിഷ് ബാങ്കുമായി മാറിയത്. റോള്‍സ് റോയിസിലായിരുന്നു സ്‌കൂളില്‍ പോയിരുന്നത്.

വീട്ടില്‍ ഏതു സമയത്തും 50 ജോലിക്കാരെങ്കിലും ഉണ്ടാകുമായിരുന്നു. അത്യാഡംബരത്തില്‍ വളര്‍ന്നപ്പോഴും അത് അദ്ദേഹത്തിന്റെ കണ്ണു മഞ്ഞളിപ്പിച്ചില്ല. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതു വരെ കൊളാബയിലെ ബഖ്താവറില്‍ ആഡംബരങ്ങളൊന്നുമില്ലാത്ത ഫ്‌ലാറ്റിലാണ് വര്‍ഷങ്ങളോളം കഴിഞ്ഞത്. പുസ്തകങ്ങളും കസെറ്റുകളും നിറഞ്ഞ ഒരിടം.

ധനികബാലനായി വളര്‍ന്നൊരാള്‍ ആഡംബരത്തോടു മുഖംതിരിക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ രത്തന്‍ ടാറ്റ അമേരിക്കയില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുമായിരുന്നു. ജീവിതച്ചെലവിനു തുക കണ്ടെത്താന്‍ കണ്ണില്‍ക്കണ്ട ജോലികളെല്ലാം എടുത്തു. പാത്രം കഴുകാന്‍ വരെ പോയിട്ടുണ്ടെന്നും അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ധനികകുടുംബത്തിലാണു വളര്‍ന്നതെന്ന കാര്യം മറന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ്‌ ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.

പ​ദ്മ ഭൂ​ഷ​ൺ, പ​ദ്മ​വി​ഭൂ​ഷ​ൺ തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ടാ​റ്റ ​ഗ്രൂ​പ്പി​നെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്റെ​ത്ത​ന്നെ അ​സ്തി​ത്വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ് ര​ത്ത​ൻ എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി പ്ര​മു​ഖ​ർ അ​നു​ശോ​ചി​ച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക