പാകിസ്താന് പ്രതിരോധ രഹസ്യം ചോര്‍ത്തിക്കൊടുത്തുവന്ന രവീന്ദ്ര കുമാര്‍ എന്ന ആയുധ നിര്‍മാണ ഫാക്ടറി ജീവനക്കാരനെ ഉത്തര്‍പ്രദേശി ഭീകരവിരുദ്ധ സ്‌ക്വാഡ്(യുപി എടിഎസ്) അറസ്റ്റ് ചെയ്തു. ഫിറോസാബാദിലെ ആയുധനിര്‍മാണ ഫാക്ടറി ജീവനക്കാരനായ ഇയാള്‍ ഐഎസ്‌ഐക്ക് വേണ്ടിയാണ് ഗംഗയാന്‍ ബഹിരാകാശ പദ്ധതിയും സൈന്യത്തിന്റെ ലോജിസ്റ്റിക്‌സ് ഡെലിവറി ഡ്രോണിന്റെ പരീക്ഷണത്തെക്കുറിച്ചുമടക്കമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് യുപി എടിഎസ് മേധാവ് നിലാബ്ജ ചൗധരി അറിയിച്ചു. രവീന്ദ്ര കുമാറിന്റെ സഹായിയെയും എടിഎസ് പിടികൂടിയിട്ടുണ്ട്.
|
നേഹാ ശര്‍മ എന്നു പരിചയപ്പെടുത്തിയ വനിതയ്ക്കാണ് ഇയാള്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. എടിഎസിന്റെ ആഗ്ര യൂനിറ്റാണ് രവീന്ദ്ര കുമാറിനെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയതെന്നും തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി എടിഎസ് ആസ്ഥാനത്ത് എത്തിക്കുകയായിരുന്നുവെന്നും നിലാബ്ജ ചൗധരി വ്യക്തമാക്കി.
ഇവിടെ നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ഇയാള്‍ നേഹാ ശര്‍മയ്ക്ക് രഹസ്യങ്ങള്‍ കൈമാറിയതായി സമ്മതിച്ചത്. ഫേസ് ബുക്കിലൂടെയാണ് നേഹാ ശര്‍മ രവീന്ദ്ര കുമാറുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് വാട്‌സ്ആപ്പ് മുഖേന രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇയാള്‍ കൈമാറുകയായിരുന്നു. പാകിസ്താന്റെ ഹണി ട്രാപ്പില്‍ കുടുങ്ങിയാണ് രവീന്ദ്ര കുമാര്‍ വിലപ്പെട്ട പ്രതിരോധ രേഖകള്‍ കൈമാറിയതെന്നും ആയുധ നിര്‍മാണശാലകളില്‍ നിന്ന് രേഖകള്‍ ചോരുന്നത് തടയുന്നതിനാവശ്യപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതായും എടിഎസ് മേധാവി അറിയിച്ചു.


