04
Apr 2023
Thu
04 Apr 2023 Thu

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ഇന്ന് ഔദ്യോ​ഗികമായി പൂർത്തിയായിരിക്കുന്നു. പിതാവിന്റെ പെരുമകാട്ടി കോൺ​ഗ്രസിന്റെ കേരളത്തിലെ ഡിജിറ്റൽ മീഡിയാ കൺവീനർ സ്ഥാനമടക്കം സ്വന്തമാക്കുകയും ആ​ഗ്രഹിച്ചതൊന്നും നേടാതെ വന്നപ്പോൾ മോദി സ്തുതി നടത്തിയും രാഹുലടക്കമുള്ള നേതാക്കളെ വിമർശിച്ചും നടപടി ഏറ്റുവാങ്ങി പാർട്ടി വിടുകയും ബിജെപിയിൽ ചേരുകയും ചെയ്ത അനിൽ കെ ആന്റണി ആരാണ് എന്നു തുറന്നുകാട്ടുകയാണ് മോജു മോഹൻ എന്ന കെപിസിസി ഐടി സെൽ ട്രെയിനർ ആയിരുന്നു മോജു മോഹൻ. ഫേസ്ബുക്കിൽ മോജു മോഹൻ എഴുതിയ കുറിപ്പ് വായിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനിൽ ആന്റണി ഡിജിറ്റൽ മീഡിയ കൺവീനർ ആയിരുന്നപ്പോൾ കെപിസിസി ഐടി സെൽ ട്രെയിനർ ആയി പ്രവർത്തിച്ച ആളാണ്‌ ഞാൻ. പാർട്ടിക്ക് വേണ്ടി എന്നതിനപ്പുറം ഈ പാർട്ടിയെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും ഒന്നും അറിയാത്ത അനിലിന് വേണ്ടി കേരളം മുഴുവൻ ഓടി നടന്ന് പാർട്ടിയുടെ ഒരു നയാ പൈസ ചിലവാക്കാതെ ഡിജിറ്റൽ മീഡിയ ക്ലാസുകൾ നയിച്ചത് അനിൽ ആന്റണിയുടെ ഷോ വർക്കിനാണെന്നുള്ളത് തിരിച്ചറിഞ്ഞപ്പോളേക്കും ഇലക്ഷനും കഴിഞ്ഞിരുന്നു പാർട്ടിയും തോറ്റിരുന്നു. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ജൽപ്പനങ്ങൾ ഇനിയും കേട്ട് നിൽക്കാൻ കഴിയില്ല.

മൂന്ന് ചോദ്യങ്ങൾക്കാണ് നമുക്കിവിടെ ഉത്തരം കണ്ടെത്തേണ്ടത്.
1.ആരാണ് ഈ അനിൽ ആന്റണി?
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ആന്റണിയുടെ മകൻ എന്നതിൽ കവിഞ്ഞ് കോൺ​ഗ്രസ്സുമായി പുല ബന്ധം പോലും ഇല്ലാത്ത വ്യക്തിയാണ് ഈ അനിൽ. തന്റെ പിതാവ് കോൺഗ്രസ് മുഖ്യമന്ത്രി ആയത് കൊണ്ട് മാത്രം കിട്ടിയ സൗഭാഗ്യങ്ങളിൽ സുഖിച്ചു ജീവിച്ച്, അത് വഴി ഉന്നത വിദ്യാഭ്യാസം നേടിയെടുത്ത യുവാവ്. അച്ഛൻ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ചുവട് മാറി കേന്ദ്ര പ്രതിരോധ മന്ത്രി ആയപ്പോൾ ഡൽഹിയിൽ വച്ച് നേടിയെടുത്ത ഉന്നത വിദ്യാഭ്യാസവും, സുഹൃത്ത് ബന്ധങ്ങളും കൈമുതലായിട്ടുള്ളവൻ.

സ്വന്തം പിതാവിനെ നേതാവാക്കാനും, മുഖ്യമന്ത്രിയാക്കാനും പ്രതിരോധ മന്ത്രിയാക്കാനും ഒക്കെ രക്തവും നീരും കുടുംബവും നൽകി ഇന്നും ഒരു പഞ്ചായത്ത് മെംബർ ആകാൻ പോലും കഴിയാതെ, ഒന്നും ആകാൻ കഴിയാതെ, അറിയപ്പെടാതെ പോയ ഒരുപാട് പേര് നൽകിയ ഔദാര്യം കൊണ്ട് മാത്രം സകലതും സ്വന്തമായി നേടിയ വ്യക്തി. എന്നും ഈ പ്രസ്ഥാനത്തിന്റെ ശാപം പോലെ തന്നെ നൂലിൽ കെട്ടി ഇറക്കിയ പോലെ അനിലിന് കേരളത്തിലെ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനവും കൈ വെള്ളയിലെത്തി.

2. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കാൻ മാത്രം എന്ത് യോഗ്യതയാണ് ഇയാൾക്ക് ഉള്ളത്, എന്ത് സംഭവനയാണ് ഇയാൾ ഡിജിറ്റൽ മീഡിയക്ക് നൽകിയിട്ടുള്ളത്?
എനിക്കറിയാവുന്ന അനിൽ ആന്റണി കേരളത്തിലേക്ക് വരുമ്പോൾ മര്യാദയ്ക്ക് മലയാളം സംസാരിക്കാൻ പോലും അറിയാത്തയാളായിരുന്നു. പിതാവ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അങ്കിൾ എന്ന് വിളിച്ചു ശീലിച്ച കുറച്ചു നേതാക്കളും സിൽബന്ധികളും മാത്രമായിരുന്നു അയാൾക്ക് ചുറ്റും. പിന്നെ നടന്നത് മുഴുവൻ പ്രഹസനങ്ങളെ നാണിപ്പിക്കുന്ന പ്രയാസങ്ങളായിരുന്നു. ഇന്നത്തെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ DrSarin P., ഇപ്പോളത്തെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഓഡിനേറ്റർ Rejith Raveendran, Sudheer Mohan, Jyothi Radhika Vijayakumar, Raju P. Nair @ikbal ഉൾപ്പെടെയുള്ള ചിലർ കേരളം മുഴുവൻ ഓടി നടന്നത് കൊണ്ടാണ് എന്തെങ്കിലും ഒരു അനക്കം തന്നെ ഈ മേഖലയിൽ സംഭവിച്ചത്.

വളരേ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തങ്ങൾ നാട് മുഴുവൻ കൊട്ടി ഘോഷിച്ച് ഹോട്ടലുകളിലും മണ്ഡപങ്ങളിലും വച്ച് നടക്കുന്ന ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാമുകൾ ആയി മാറി. ആന്റണിയുടെ മകനെ തക്കുടു വാവയെ പോലെ കൊണ്ട് നടക്കാൻ മത്സരിക്കുന്ന ഒരുപാട് നേതാക്കളെയും ഞങ്ങൾ ഡിജിറ്റൽ മീഡിയ സെല്ലിന്റെ യാത്രയ്ക്കിടയിൽ കണ്ടു. എന്താണ് ചെയ്യുന്നത് എന്നോ എന്താണ് നടക്കുന്നത് എന്നോ അനിലിനും അറിയില്ല, കുടപിടിക്കുന്നവർക്കും അറിയില്ല.

അനിലിന് വേണ്ടിയുള്ള പെയ്ഡ് പ്രൊമോഷനുകളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്. എന്നും ചാനലുകളിൽ വാർത്ത അനിൽ ആന്റണി കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ രംഗത്ത് എന്തൊക്കെയോ മാറ്റം വരുത്താൻ പോകുന്നു, വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു എന്നെല്ലാം. എല്ലാം വെറും പച്ച കള്ളം മാത്രമായിരുന്നു. നൂറു കണക്കിനാളുകളുമായി കേരളത്തിൽ അനിലിന്റെ നേതൃത്വത്തിൽ വാർ റൂം എന്ന രീതിയിൽ വന്ന വാർത്തകൾ യഥാർഥ്യത്തിന് നിറക്കാത്തത് ആയിരുന്നു. അങ്ങനെ ഒന്ന് ഞങ്ങളുടെ അറിവിൽ നടന്നിട്ടേ ഇല്ല.
തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ ഞങ്ങൾ കുറച്ചു പേര് ഓടിയത് മാത്രം മിച്ചം. അനിലിനെ പുകഴ്ത്തി കഴിഞ്ഞ് സൈബർ പോരാളികൾക്ക് ട്രെയിനിങ് നൽകാൻ ഒഴിവില്ലാത്ത വേദികൾ ആണ് എല്ലായിടത്തും കണ്ടത്. പ്രഹസനങ്ങൾ കണ്ട് മടുത്തിട്ട് നിർത്തി പോന്നതാണ് ആ ടീമിൽ നിന്നും.

3.എന്താണ് അയാളുടെ ഉദ്ദേശം ?
അയാളുടെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. അച്ഛന്റെ പേരിൽ ഡിജിറ്റൽ മീഡിയ സെൽ തലവൻ, അവിടെ നിന്നും കേരളത്തിൽ ഒരു നിയമ സഭ സീറ്റ്. രാഷ്ട്രീയ പാരമ്പര്യമോ, പരിചയമോ പേരിനു പോലും ഇല്ലാത്ത ഒരാൾക്ക് സീറ്റ് നൽകുക എന്ന മണ്ടത്തരം ചെയ്യാൻ കഴിയാവുന്നതിനേക്കാൾ പക്വത എങ്ങനെയോ കൈ വന്ന പാർട്ടിയും നേതൃത്വവും കേരളത്തിൽ നിന്ന് അനിലിനെ അപ്പാടെ തഴഞ്ഞു. ശേഷം രാഹുൽ ഗാന്ധിയുടെ അടുത്തെത്തി അഖിലേന്ത്യാ സ്ഥാന മാനങ്ങൾക്കായി ചരട് വലി തുടങ്ങി. ആരെ എവിടെ നിർത്തണം എന്നറിയാവുന്ന രാഹുൽ ഗാന്ധിക്ക് തെറ്റിയില്ല. പടിക്ക് പുറത്ത് തന്നെയായിരുന്നു അനിലിന്റെ സ്ഥാനം.
അതിനിടയ്ക്ക് ചാണ്ടി ഊമ്മൻ Chandy Oommen ഔട്ട്‌ റീച് സെല്ലിന്റെ നാഷണൽ ചെയർമാൻ ആയത് അനിലിനെ വല്ലാതെ ചൊടിപ്പിച്ചു. കാര്യം എന്തൊക്കെ പറഞ്ഞാലും ചാണ്ടി ഉമ്മൻ എവിടെ കിടക്കുന്നു. അനിൽ എവിടെ കിടക്കുന്നു. ആ കാര്യത്തിൽ ഉമ്മൻ ചാണ്ടി പുലിയാണ്. കോൺഗ്രസ് എന്താണെന്ന് മകനെ പഠിപ്പിക്കാനുള്ള ധാർമികത അയാൾ കാണിച്ചിട്ടുണ്ട്.

അനിലിന്റെ ബാലിശമായ ഈ ബക്കറ്റിലെ തിരകൾ ബിജെപി മുതലെടുത്തു. ഓഫറുകൾ നൽകി. പതിനായിരക്കണക്കിന് യുവാക്കൾ രക്തം നൽകിയും കൊടി പിടിച്ചും സമരം ചെയ്തും നേതാവാക്കി മുഖ്യമന്ത്രിയാക്കിയ ആന്റണിയുടെ തണലിൽ മാത്രം വളർന്ന അനിൽ കൃത്യമായി ആ വലയിൽ കുടുങ്ങി.
ഇപ്പോൾ അനിലിനുള്ള നിർദേശം പാർട്ടിയെ പരമാവധി പ്രതിസന്ധിയിൽ ആക്കുക എന്നുള്ളതാണ്. അയാൾ അത് കൃത്യമായി നിർവഹിക്കുന്നു. ശേഷം അനിലിനുള്ള എല്ലിൻ കഷ്ണം പാർസൽ ആയി വരും.. അത് കാത്ത് ആത്മരതി പൂണ്ടു മോദി സ്തുതി പാടി കോൺഗ്രസിന്റെ തണലിൽ കിട്ടിയ സൗഭാഗ്യങ്ങൾക്ക് നടുവിൽ ആറാടുകയാണ് അനിൽ.

ആയിരക്കണക്കിന് ശരത് ലാലുമാരും കൃപേഷുമാരും ശുഹൈബുമാരും പുന്ന നൗഷാദുമാരും ഉണ്ടാക്കിയെടുത്തതാണ് എ കെ ആന്റണിമാരെ എന്ന് അനിലിനെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ആർജവം എ കെ ആന്റണി കാണിക്കണം. അല്ലാത്ത പക്ഷം അത് അങ്ങയുടെ പ്രസ്ഥാനത്തിന്റെ യുവജന വിഭാഗം ആ ചുമതല സ്വമേധയാ ഏറ്റെടുക്കും. അനിൽ ആന്റണി നിഷേധിക്കാതിരിക്കാൻ അനിലിന്റെ തന്നെ വെരിഫൈഡ് പേജിൽ അനിൽ തന്നെ പങ്കു വെച്ച വാൽ കഷ്ണങ്ങൾ കൂടെ ചേർക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക