02
Sep 2026
Tue
02 Sep 2026 Tue

നേപ്പാളിൽ നിന്നുള്ള പ്രളയജലത്തിനൊപ്പം ബിഹാറിലെത്തുന്ന മത്സ്യങ്ങൾ അപകടകരമായിരിക്കാമെന്ന മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ. പ്രളയജലത്തിൽ നിന്ന് പിടിക്കുന്ന മത്സ്യം പിടിക്കുകയോ വിൽക്കുകയോ കഴിക്കുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ നിർദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് ത്രിശൂലി നദിയിലെ വെള്ളം ഗണ്ഡക്, കോസി നദികളിലൂടെ ബിഹാറിലേക്ക് ഒഴുകിയെത്തുകയാണ്. ഇതോടെ വടക്കൻ ബിഹാറിലെ പ്രളയബാധിത മേഖലകളിൽ സാധാരണയായി കാണാത്ത വിവിധയിനം മത്സ്യങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവ കഴിച്ചതിനെ തുടർന്ന് ചിലർക്ക് അസ്വസ്ഥതകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

പ്രളയജലത്തിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളിൽ മലിനജലം, ബാക്ടീരിയ, വൈറസ്, മറ്റ് രോഗാണുക്കൾ എന്നിവയുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ബിഹാറിലെ മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രളയസമയത്ത് കുളങ്ങൾ, നദികൾ, തടാകങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിലെ മത്സ്യങ്ങൾ പ്രളയജലത്തിനൊപ്പം വ്യാപകമായി ഒഴുകിപ്പോകും. മലിനമായ ഓടകൾ, ചത്ത മൃഗങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലാകുന്നതിനാൽ ഇത്തരം മത്സ്യങ്ങൾ ആരോഗ്യത്തിന് അപകടകരമാകാമെന്നും അധികൃതർ വ്യക്തമാക്കി.

അപരിചിതമോ അസാധാരണമായി തോന്നുന്നതോ ആയ മത്സ്യങ്ങൾ കഴിക്കരുത്. പ്രളയജലത്തിൽ നിന്ന് പിടിച്ച മത്സ്യം വാങ്ങുകയോ വിൽക്കുകയോ കഴിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. പരിചയമില്ലാത്ത മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന് സ്വയം തീരുമാനിക്കാതെ ബന്ധപ്പെട്ട ഫിഷറീസ് വകുപ്പിന്റെ സഹായം തേടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഇത്തരം മത്സ്യം കഴിച്ചതിന് ശേഷം ഛർദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. അസാധാരണ മത്സ്യങ്ങളെ കണ്ടെത്തിയാൽ ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കണമെന്നും നിർദേശമുണ്ട്.

അപകടസാധ്യത സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കാതെ, പ്രളയജലത്തിൽ നിന്ന് ലഭിക്കുന്ന പരിചയമില്ലാത്ത മത്സ്യം സുരക്ഷ ഉറപ്പാകുന്നതുവരെ ഒഴിവാക്കുന്നതാണ് ഉചിതമെന്നും അധികൃതർ വ്യക്തമാക്കി. നേപ്പാൾ പൊലീസും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക