ന്യൂഡല്‍ഹി: യുവ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍
നടന്‍ സിദ്ദിഖിന് താത്ക്കാലിക ആശ്വാസം. സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റും
രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞിട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം ഹര്‍ജി വീണ്ടും പരിഗണിക്കും.
|
ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.
യുവ നടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി.
പരാതി നല്‍കാന്‍ കാലതാമസമുണ്ടായി എന്നതായിരുന്നു സിദ്ദിഖിന് വേണ്ടി മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എട്ട് വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം വ്യക്തമാക്കി അതിജീവിത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.


