17
Mar 2025
Fri
17 Mar 2025 Fri
Reserve Bank tightens gold collateral conditions

സ്വര്‍ണ പണയ വായ്പകളുടെ വിതരണത്തിനും നടപടിക്രമങ്ങള്‍ക്കും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ഒരുങ്ങുന്നു. വായ്പ നല്‍കുന്നതിന് മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച്ച നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി. 2024 സെപ്റ്റംബര്‍ മുതല്‍ ബാങ്കുകളിലെ സ്വര്‍ണ പണയ വായ്പ 50 ശതമാനമാണ് വര്‍ധിച്ചത്. മൊത്തം വായ്പകളുടെ വളര്‍ച്ചയെ സ്വര്‍ണ വായ്പകള്‍ മറികടന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ (പേഴ്‌സണല്‍ ലോണ്‍) വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണ പണയത്തിന് താത്പര്യം വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി. നൂലാമാലകളില്ലാതെ അതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണ വായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്. എന്നാല്‍ ഗോള്‍ഡ് ലോണ്‍ കൂടിയതോടെ അതിനും റിസര്‍വ് ബാങ്ക് തടയിടുകയാണ്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും. കര്‍ശന നടപടികളിലേക്ക് പോകുന്നതോടെ വായ്പ ലഭിക്കുക എന്നത് ബുദ്ധിമുട്ടാകും.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:

* വായ്പയായി നല്‍കുന്ന പണം എന്തിന് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
* പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തണം.
* ബാങ്കുകളും സ്വര്‍ണ പണയം നല്‍കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പയ്ക്ക് അപേക്ഷ നല്‍കിയാളുടെ പശ്ചാത്തലം പഠിക്കണം.
* സ്വര്‍ണ പണയ വായ്പയില്‍ പിന്തുടരുന്ന തെറ്റായ രീതികള്‍ തടയുകയും മേഖലയില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുകയും വേണം.
* എല്ലാ ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ പണയ വായ്പ നല്‍കാന്‍ ഏകീകൃത മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Reserve Bank tightens gold collateral conditions