തിരുവനന്തപുരം: സംഘപരിവാറും സയണിസ്റ്റുകളും ഒരമ്മ പെറ്റ മക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.(RSS and Zionists are children of the same mother, CM said) ഐപ്‌സോ സംസ്ഥാന കൗണ്‍സില്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത് ആര്‍.എസ്.എസും സയണിസ്റ്റുകളും തമ്മില്‍ വ്യത്യാസം ഒന്നുമില്ലെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ചേരിചേരാ നയം സ്വീകരിച്ചപ്പോള്‍ സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു നമ്മുടെ രാജ്യത്തിന്റെ അന്തസത്ത. ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചിരുന്നില്ല. ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഇസ്രായേലിലേക്ക് പോകാനുള്ള അനുമതി പോലും ഉണ്ടായിരുന്നില്ല.
എന്നാല്‍, അതില്‍ നിന്നെല്ലാം മാറി നമ്മുടെ രാജ്യം ഇസ്രായേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കേട്ട് ഇന്ത്യക്കാര്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യന്‍ മണ്ണ് അമേരിക്കയുടെ താവളമാക്കാനും അവര്‍ മടിക്കില്ല. ഇന്ത്യന്‍ ജനതയെ കാത്തിരിക്കുന്നത് രൂക്ഷമായ പ്രത്യാഘാതങ്ങളാണ്’-അദ്ദേഹം പറഞ്ഞു.





