തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം കൃഷി വകുപ്പ് ബഹിഷ്‌കരിച്ചു. (RSS IMAGE ON THE STAGE; KERALA AGRICULTURE MINISTER BOYCOTT RAJBHAVAN PROGRAM) ആഘോഷം ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. വേദിയില്‍ സ്ഥാപിച്ച ആര്‍.എസ്.എസിന്റെ കാവിക്കൊടി പിടിച്ച ഭാരതമാതാവിന്റെ ചിത്രമാണ് പ്രതിഷേധത്തിനിടയാക്കിയത്.
|
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൃഷിമന്ത്രി പി. പ്രസാദ് ഇതിന് വിസമ്മതിച്ചു. വേദിയില്‍നിന്ന് ചിത്രം മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളുകയായിരുന്നു.
ചിത്രം ഒഴിവാക്കാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെയാണ് രാജ്ഭവനില്‍നിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
ALSO READ: ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വര്‍ഷം; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ജാതി സെന്‍സസ്
കാവിക്കൊടി പിടിച്ച ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് ഗവര്‍ണര്‍ വാശി പിടിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്.
പൊതുവെ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമല്ല രാജ്ഭവന്‍ ഉപയോഗിച്ചതെന്ന് മന്ത്രി പി. പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം എങ്ങനെ സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിക്കാനാകും.
ചിത്രം മാറ്റാന്‍ രാജ്ഭവന്‍ തയാറാകാതെ വന്നതോടെയാണ് പരിപാടി മാറ്റിയത്. രാജ്ഭവന്‍ നടപടി ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ചിത്രം ആര്‍.എസ്.എസ് വേദികളില്‍ ഉപയോഗിക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു. രാജ്ഭവനെ ആര്‍.എസ്.എസ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


