24
Sep 2025
Thu
24 Sep 2025 Thu
Samajwadi Party leader Azam Khan walks out of Sitapur jail

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലീസ് എടുത്ത കേസുകളെല്ലാം തള്ളിയതോടെ മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടിയുടെ മുസ്ലിം മുഖവുമായ മുഹമ്മദ് അസം ഖാന്‍ ജയില്‍ മോചിതനായി. യു.പി പൊലിസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍പ്പെട്ട് 23 മാസത്തെ ജയില്‍വാസത്തിനൊടുവില്‍ കഴിഞ്ഞദിവസം രാവിലെയാണ് അദ്ദേഹം ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും സീതാപൂര്‍ ജയിലിന് പുറത്ത് 77 കാരനായ അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ മാധ്യമപ്പട അദ്ദേഹത്തെ വളഞ്ഞെങ്കിലും ഒന്നും പ്രതികരിക്കാതെ വീട് സ്ഥിതിചെയ്യുന്ന റാംപൂരിലേക്ക് അദ്ദേഹം പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്റെ ശത്രുക്കളോട് പോലും ഞാന്‍ നന്നായി പെരുമാറിയിട്ടുണ്ടെന്നും ആരോടും അനീതി ചെയ്തുവെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് അവസാന കേസിലും ജാമ്യം ലഭിച്ചതെങ്കിലും നടപടക്രമങ്ങള്‍ക്ക് കാലതാമസം നേരിട്ടതാണ് മോചനം വൈകാനിടയായത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലാ ഭരണകൂടം ജയിലിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

പത്ത് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖാനെതിരായ കേസുകള്‍ ബി.ജെ.പി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് എസ്.പി ആരോപിച്ചു. ഖാനോടും കുടുംബത്തോടും തുടര്‍ച്ചയായി അനീതി നടക്കുന്നുണ്ടായിരുന്നു. കുടുംബത്തിന് ആത്യന്തികമായി നീതി ലഭിക്കുമെന്നതിന് തെളിവാണ് ജാമ്യവ്യവസ്ഥ. ഖാന്റെ കുടുംബത്തിന് പിന്നില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. അന്യായ പീഡനത്തിനും വ്യാജ കേസുകള്‍ക്കുമെതിരെ നിയമപരമായി പോരാടുമെന്നും എസ്.പി നേതാവ് ശിവ്പാല്‍ സിങ് യാദവ് പറഞ്ഞു.