23
Apr 2025
Sun
23 Apr 2025 Sun
Samastha petition againstWaqf Act in Supreme Court, after AAP, Owaisi, Congrsse

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കകയും രാഷ്ട്രപതിഭവന്‍ അംഗീകരിക്കുകയും ചെയ്ത വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ കൂടുതല്‍ ഹരജികള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ് ഏറ്റവും ഒടുവിലായി ഹരജി നല്‍കിയത്. നിയമം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത പ്രത്യേക അപേക്ഷയും സമര്‍പ്പിച്ചു. വഖ്ഫ് നിയമം ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 25, 26, 300എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് സമസ്ത ചൂണ്ടിക്കാട്ടിയത്. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെനാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും മതപരമായ സ്വത്തുക്കള്‍ സ്വയം കൈകാര്യം ചെയ്യാന്‍ ഭരണഘടനയുടെ 26ാം അനുച്ഛേദപ്രകാരം അതത് മതവിഭാഗങ്ങളെ അനുവദിക്കുന്ന മൗലികാവകാശത്തിന്റെ ലംഘനവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നു കയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്നു. 1995 ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയിരിക്കുന്ന ‘വഖ്ഫ്’ എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, പുതുതായി ചേര്‍ത്ത 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കുന്നതാണെന്നും സമസ്തയ്ക്ക് വേണ്ടി അഭിഭാഷകനായ സുല്‍ഫിക്കര്‍ അലി പി.എസ് സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.

നിയമത്തിനെതിരെ എ.എ.പിയുടെ അമാനത്തുല്ല ഖാന്‍ എം.എല്‍.എയും പൗരാവകാശ സംഘടനയായ എ.പി.സി.ആറും ഇന്നലെ ഹരജി നല്‍കിയിരുന്നു. ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി കഴിഞ്ഞദിവസവും ഹരജി നല്‍കിയിരുന്നു. മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും വിഷയത്തില്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ്.

വഖ്ഫ് ബോര്‍ഡിന്റെ സ്വയംഭരണാധികാരത്തിന് നേര്‍ക്കുള്ള ഭീഷണിയും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളുടെ ലംഘനവുമാണ് വഖ്ഫ് ബില്ലെന്ന് അഭിഭാഷകനായ അദീല്‍ അഹമ്മദ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ എ.പി.സി.ആര്‍ ചൂണ്ടിക്കാട്ടി. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും ഹരജി നല്‍കിയിട്ടുണ്ട്. മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും ശത്രുതാപരമായ വിവേചനമാണെന്നുമാണ് ബില്ലെന്ന് അഭിഭാഷകനായ അല്‍സാഫീര്‍ അഹമ്മദ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ മജ്‌ലിസ് ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നിരോധിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ഉം 15ഉം ലംഘിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.

Samastha petition against Waqf Act in Supreme Court, after AAP, Owaisi, Congress