20
May 2024
Wed
20 May 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക.

‘ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024ലെ 56ാം മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴ ചുമത്തി. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സാംസണ്‍ ലെവല്‍ 1 കുറ്റം ചെയ്തു. അദ്ദേഹം കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ നടപടി സ്വീകരിക്കുകയും ചെയ്തു. ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

സഞ്ജു സാംസണെ പുറത്താക്കിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിന് ഇടയില്‍ ആണ് ഈ നടപടി വരുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്. 46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. പതിനഞ്ചാം ഓവറിലെ മുകേഷ് ശര്‍മയുടെ നാലാം പന്തില്‍ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയില്‍ ഷായി ഹോപ്പ് പിടികൂടി. എങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തുവെന്ന സംശയം ഉയര്‍ന്നു. റിപ്ലെകളിലും ബൗണ്ടറി ലൈന്‍ ഇളകുന്നതായി സംശയമുയര്‍ന്നു.

പക്ഷെ തേര്‍ഡ് അമ്പയര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ വിക്കറ്റെന്ന് വിധിച്ചു. അമ്പയര്‍മാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന് 20 റണ്‍സ് അകലത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു.

വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Sanju Samson Fined For Dissent After Shai Hope’s Boundary Catch