|
കോഴിക്കോട്: പിതാവ് മരിച്ചതറിയാതെ ഗ്രൗണ്ടിൽ കേരളത്തിനായി 90 മിനിറ്റും പന്തുതട്ടി രിസ് വാൻ. ഇന്നലെ സന്തോഷ് ട്രോഫിയിൽ മിസോറാമിനെ ആധികാരികമായി കീഴടക്കി കേരള ടീം കുതിച്ചത് സങ്കടക്കടലിലേക്കായിരുന്നു. മധ്യനിര താരം റിസ്വാൻ അലിയുടെ പിതാവ് വി പി മുഹമ്മദ് അലിയുടെ മരണ വാർത്തയിലേക്ക്. ഹൃദയസ്തംഭനം മൂലമായിരുന്നു മുഹമ്മദ് അലിയുടെ മരണം.
റിസ്വാനിലേക്ക് പിതാവിന്റെ മരണ വാർത്തയെത്താൻ കളിയുടെ അവസാന വിസിൽ വരെ മുഴങ്ങേണ്ടി വന്നു. പിന്നീട് ടീം ക്യാമ്പിലെ നീണ്ടു നിന്ന നിശബ്ദതയ്ക്കൊടുവിൽ പിതാവിനെ കാണാൻ റിസ്വാൻ മടങ്ങി. സഹതാരം എം റാഷിദുമൊപ്പമുണ്ടായിരുന്നു.സന്തോഷ് ട്രോഫി ടീമിലെ നിർണായക താരങ്ങളിലൊരാളാണ് റിസ്വാൻ. മധ്യനിരയിൽ നിറഞ്ഞാടി ഗോളിന് വഴിയൊരുക്കുക എന്ന ചുമതല ഭംഗിയായി നിർവഹിക്കുന്ന താരം. റിസ്വാന്റെ പിഴയ്ക്കാത്ത കാലുകളിൽ നിന്ന് മൂന്ന് വീതം ഗോളും അസിസ്റ്റുമാണ് ഇതുവരെ പിറന്നത്.
മിസോറാമിനെതിരെയും താരം ഗോളിന് വഴിയൊരുക്കി.നിലവിൽ അരീക്കോട് എസ് എഫ് സിക്കുവേണ്ടിയാണ് റിസ്വാൻ ബൂട്ടണിയുന്നത്. യുവേഫയുടെ ബി ഡിവിഷൻ ലീഗിൽ ഹിലാൽ യുണൈറ്റഡ്, ഐ ലീഗിൽ ചെന്നൈ സിറ്റി എഫ് സി, കേരള യുണൈറ്റഡ് എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അഖിലേന്ത്യ സർവകലാശാല ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.



