21
Nov 2022
Sat
21 Nov 2022 Sat
നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ തട്ടിക്കൊണ്ടുപോവല്‍ നാടകമൊരുക്കിയ യുവാവ് പിടിയില്‍

നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ടിന്റെ പേരില്‍ തട്ടിക്കൊണ്ടുപോവല്‍ നാടകമൊരുക്കിയ ഡല്‍ഹി സ്വദേശി പൊലീസ് പിടിയില്‍. തലവെട്ടുമെന്ന ഭീഷണിയും പോപുലര്‍ ഫ്രണ്ടിന്റെ പതാകയും വാട്‌സ്ആപ്പില്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തായിരുന്നു ഇയാള്‍ തട്ടിക്കൊണ്ടുപോവല്‍ നാടകമൊരുക്കിയത്. ഇതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഡല്‍ഹി സുല്‍ത്താന്‍പൂര്‍ സ്വദേശിയായ രാജേന്ദര്‍ പ്രസാദ് ആണ് ഇത്തരമൊരു നാടകമൊരുക്കിയത്. നവംബര്‍ 7നാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരവെ ഇയാള്‍ സാരെ റോഹില റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്ന് കണ്ടെത്തി.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുടുംബപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് താന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇതിനാലാണ് പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ തട്ടിക്കൊണ്ടുപോവല്‍ നാടകത്തിനു തയ്യാറായതെന്നും കുറ്റസമ്മതം നടത്തിയത്.
പഞ്ചാബിലേക്ക് പോയ താന്‍ അവിട രാധാ സോമി സത് സങ് സന്ദര്‍ശിച്ചുവെന്നും ഇവിടെ വച്ച് മനംമാറ്റം ഉണ്ടായതോടെയാണ് വീട്ടിലേക്ക് തിരികെവരാന്‍ തീരുമാനിച്ചതെന്നും രാജേന്ദര്‍ പ്രസാദ് വ്യക്തമാക്കി. വീട്ടിലേക്ക് വരുന്നതിനിടെയാണ് രാജേന്ദര്‍ പ്രസാദിനെ പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>