22
Jan 2024
Wed
22 Jan 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ചെറിയ, ബലി പെരുന്നാള്‍ അവധികളില്‍ മാറ്റം വരുത്തി സൗദി അറേബ്യ മന്ത്രിസഭ. രണ്ടു പെരുന്നാളുകള്‍ക്കും കുറഞ്ഞത് നാലു ദിവസവും പരമാവധി അഞ്ചു ദിവസവുമായിരിക്കും അവധി. സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും അവധി നല്‍കുന്ന നിലയില്‍ നിയമാവലിയില്‍ ഭേദഗതി വരുത്തണമെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഗവണ്‍മെന്റ് ഏജന്‍സികള്‍ അവരുടെ ഓര്‍ഗനൈസേഷന് അനുസൃതമായി വര്‍ക്ക് സിസ്റ്റം നടപ്പിലാക്കുകയും ഭരണപരമായ ചട്ടങ്ങള്‍ ഭേദഗതി വരുത്തുകയും ചെയ്യും. നിലവില്‍ സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധിയും സര്‍ക്കാര്‍ മേഖലയ്ക്ക് അഞ്ചില്‍ കൂടുതല്‍ അവധിയും ലഭിക്കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്തിയാണ് പരമാവധി അഞ്ച് ദിവസമാക്കി മാറ്റുന്നത്. ഇതോടെ സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും ലഭിക്കുന്ന അവധികള്‍ തുല്യമാകും.

തുണി വ്യവസായ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കാന്‍ ദക്ഷിണ കൊറിയയുമായി ഒപ്പുവെച്ച ധാരണാപത്രവും അഴിമതി വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകണത്തിന് മാല്‍ഡീവ്‌സുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. സൗദിയില്‍ ശാഖ തുറക്കാന്‍ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് ലൈസന്‍സ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഹജ്, ഉംറ സേവന സമ്മേളനവും എക്‌സിബിഷനും സംഘടിപ്പിക്കാന്‍ ഹജ്, ഉംറ മന്ത്രാലയം നടത്തിയ പ്രയത്‌നങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. തീര്‍ഥാടകരെ സേവിക്കുന്നതില്‍ തുടര്‍ച്ചയായ വികസനവും പുരോഗതിയും ഉറപ്പാക്കുന്ന നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലൂടെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമ്മേളനം സഹായിക്കുമെന്ന് മന്ത്രിസഭ പറഞ്ഞു. മൂന്നാമത് ഫ്യൂച്ചര്‍ മിനറല്‍സ് ഫോറത്തിന്റെ ഫലങ്ങള്‍ പ്രശംസനീയമാണ്. ഫോറത്തില്‍ 133 രാജ്യങ്ങള്‍ പങ്കെടുക്കുകയും ഫോറത്തിനിടെ സൗദി അറേബ്യക്കകത്തും വിദേശത്തുമുള്ള സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും തമ്മില്‍ 77 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുകയും ചെയ്തതായി മന്ത്രിസഭ വിലയിരുത്തി.