20
Nov 2024
Tue
20 Nov 2024 Tue
Save BJP posters

കോഴിക്കോട്: ബിജെപിയിലെ നേതൃത്വത്തിനെതിരായ അണികളുടെ രോഷപ്രകടനം തെരുവിലേക്ക്. (Save BJP posters in Kozhikkode city against K Surendran) കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയില്‍ കുറുവാ സംഘമുണ്ടെന്നാണ് സേവ് ബിജെപിയുടെ പേരിലുള്ള പോസ്റ്ററുകളില്‍ പറയുന്നത്. ”വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവാ സംഘം, ഇവരെ പുറത്താക്കൂ ബിജെപിയെ രക്ഷിക്കൂ..”- എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഗേറ്റിലും പ്രസ് ക്ലബ്ബിന് മുന്നിലും മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഈ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസില്‍ പത്രസമ്മേളനം വിളിച്ചാണ് ഇന്നലെ കെ സുരേന്ദ്രന്‍ പാലക്കാട് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചത്.

അതേസമയം ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. യോഗത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വി പ്രധാന ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്.

ALSO READ: പടയൊരുക്കം ശക്തം, കേരളാ ബി.ജെ.പിയില്‍ സുരേന്ദ്രന്‍ ഒറ്റപ്പെട്ടു, നേതൃയോഗം ഇന്ന് കൊച്ചിയില്‍

സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ആലോചിക്കാനാണ് യോഗമെങ്കിലും തോല്‍വിയെ കുറിച്ച് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചേക്കും. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം നല്‍കും.

കെ സുരേന്ദ്രന്‍ രാജി വെക്കുമെന്ന വാര്‍ത്തകള്‍ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ രാജി വെക്കുമെന്നുമാണ് കെ സുരേന്ദ്രന്റെ വിശദീകരണം. തോല്‍വിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. വീണ്ടും അധ്യക്ഷനാകാന്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിചാരിച്ചതിലും വലിയ തിരിച്ചടിയാണ് പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 33 ബൂത്തുകളിലാണ് 100ല്‍ താഴെ വോട്ട് കിട്ടിയത്. അതില്‍ തന്നെ നാല് ബൂത്തുകളില്‍ പത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. മൂന്ന് വോട്ട് മാത്രം ലഭിച്ച ബൂത്തുമുണ്ട്.

ബിജെപിക്ക് മേധാവിത്വമുള്ള പാലക്കാട് നഗരസഭാപരിധിയില്‍ എന്‍ഡിഎയ്ക്ക് 13 ബൂത്തുകളില്‍ നൂറില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. അതില്‍ നാലെണ്ണത്തിലാണ് പത്തില്‍ത്താഴെ വോട്ട് ലഭിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന് പല പാര്‍ട്ടി നേതാക്കളും തുറന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കളുടെ അഭിപ്രായം. പാലക്കാട് ജില്ലാ നേതൃത്വത്തിനും ഇതായിരുന്നു താല്‍പര്യം. ഇത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തിന് കത്തെഴുതുകയും ചെയ്തു. എന്നാല്‍ ഇതിനെയെതിര്‍ത്ത് കെ സുരേന്ദ്രന്‍ തനിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്നാണ് ആക്ഷേപം.