കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സമയമാണിത്. എന്നാലിപ്പോള്‍ ഒറ്റത്തവണ പാസ്‌വേഡ് (OTP) ഇല്ലാതെയും തട്ടിപ്പ് നടത്താമെന്ന വിവരമാണ് പുറത്തുവരുന്നത്. കാരണം ബാങ്കുകളില്‍ നിന്നുള്ളതാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ലിങ്കുകള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ച് അതുവഴി അക്കൗണ്ടില്‍ കയറി പണം അപഹരിക്കാന്‍ കഴിയുമെന്നും സൂക്ഷിക്കണമെന്നും ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
|
ഇരകള്‍ പലപ്പോഴായി പൊതുസ്ഥലത്തോ മറ്റോ പങ്കുവച്ച നമ്പറുകള്‍ മുഖേനയാകും തട്ടിപ്പുകാര്‍ വ്യക്തികഗത വിവരങ്ങള്‍ ശേഖരിക്കുക. ഏറ്റവും ഒടുവില്‍ വാങ്ങുകയോ തിരയുകയോ ചെയ്ത ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഇരകളുടെ നമ്പറിലേക്ക് അയച്ചാകും തട്ടിപ്പിന്റെ തുടക്കം. പലപ്പോഴും ഇത് തട്ടിപ്പുകാര്‍ പ്രത്യേകം നിര്‍മിച്ചെടുത്ത പേയ്‌മെന്റ് ലിങ്കോ കണ്‍ഫര്‍മേഷന്‍ ലിങ്കോ അല്ലെങ്കില്‍ ഡാറ്റാ കളക്ഷന്‍ ലിങ്കോ ആകും. ഇര തനിക്ക് ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടില്‍ കയറി പണം പിന്‍വലിക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും.
ഡല്‍ഹിയിലെ 26 കാരി അടുത്തിടെ ക്രോമ കമ്പനിയില്‍നിന്ന് ഒരു എച്ച്.പി ലാപ്‌ടോപ്പ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ലാപ്‌ടോപ്പ് വാങ്ങിയതിന് എച്ച്.പിയുടെത് എന്നവകാശപ്പെട്ട് യുവതിക്ക് വൗച്ചര്‍ സന്ദേശമായി ലഭിച്ചു. വൗച്ചര്‍ ക്ലെയിം ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്ക്, വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും അറിയിപ്പുണ്ടായിരുന്നു.
എന്നാല്‍, സന്ദേശത്തിലെ ഒരുചെറിയ പിശകില്‍ സംശയം തോന്നിയ അവര്‍ കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് താന്‍ വലിയൊരു തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടെന്ന് അവര്‍ക്ക് ബോധ്യമായയത്.
തട്ടിപ്പില്‍ വീഴാതിരിക്കാം!
* അനാവശ്യ കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കുക.
* ഓണ്‍ലൈനിലെയും ഓഫ്‌ലൈനിലെയും അജ്ഞാത വ്യക്തികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറുത്
* വൗച്ചറുകള്‍, ഇളവുകള്‍, ക്യാഷ് പ്രൈസുകള്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളടങ്ങിയ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
* സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കുക. കാരണം ചില ആപ്പുകള്‍ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം ഉണ്ടാക്കിയവയായിരിക്കും. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ കോണ്‍ടാക്ക് ലിസ്റ്റ്, ഗാലറി, കാമറ തുടങ്ങിയവ ആക്‌സസ് ചെയ്യാനുള്ള അനുമതി തട്ടിപ്പുകാര്‍ക്ക് കൊടുക്കേണ്ടിവരും. ഇത് അങ്ങേയറ്റം അപകടകരമാണ്. കാരണം ഗാലറിയുള്‍പ്പെടെ ആക്‌സസ് ചെയ്യാന്‍ കഴിയുന്നത് കെ.വൈ.സി കണ്‍ഫോം ചെയ്യാന്‍ തട്ടിപ്പുകാരെ സഹായിക്കും.
* ഔദ്യോഗികസ്ഥാപനങ്ങളില്‍നിന്നെന്ന് അവകാശപ്പെട്ട് അസാധാരണമായ കോള്‍ ലഭിച്ചാല്‍ ഔദ്യോഗിക ചാനലുകള്‍ വഴി അയച്ചയാളെ പരിശോധിക്കുകയോ അന്വേഷിക്കുകയോ ആകാം.


